കോട്ടയം ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് കഴിഞ്ഞയാഴ്ച ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. നോബിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്.
കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് ഷൈനിയും മക്കളും മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായിരുന്നു സംഭവം. പള്ളിയിൽ പോകുവാണെന്ന് പറഞ്ഞായിരുന്നു ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിയത്. ഭർത്താവിനോട് പിണങ്ങി 9 മാസമായി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിക്കുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസും നടക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഷൈനിയും മക്കളും ആത്മഹത്യ ചെയ്യുന്നത്.ബിഎസ്സി നേഴ്സ് ആയിട്ടും ജോലി കിട്ടാത്തതിന്‍റെ നിരാശ ഷൈനിക്ക് ഉണ്ടായിരുന്നു. ഒപ്പം കുടുംബപരമായ പ്രശ്നങ്ങളും താങ്ങാന്‍ കഴിയാതെയാണ് ആത്മഹത്യ ചെയ്തത്. ഷൈനിയുടെ മക്കള്‍ അലീനയ്ക്ക് 11 വയസ്സും ഇമാനയ്ക്ക് 10 വയസുമായിരുന്നു പ്രായം.