ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി മാറ്റിയത്. കേസില്‍ പ്രതിയായ ഷൈനിയുടെ ഭര്‍ത്താവ് നോബി ലൂക്കോസിന്റെ ജാമ്യ അപേക്ഷയാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി പൊലീസിനോട് വിശദ റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. ജാമ്യത്തെ എതിര്‍ത്തു പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നോബിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നോബി നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പ്രതിയുടേയും മരിച്ച ഷൈനിയുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് ശാസ്ത്രീയ പരിശോധനയക്ക് അയച്ചിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് നോബിയുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് മാറ്റുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോബിയുടെ ജാമ്യ അപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. എന്നാല്‍ ഇന്നും കോടതിയില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ബുധനാഴ്ചത്തേക്ക് ജാമ്യം അപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം നോബി ഷൈനിയുടെ ഫോണിലേക്ക് വിളിക്കുകയും, സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇതിനു പിന്നാലെയാണ് ഷൈനിയുടെയും നോബിയുടെയും ഫോണുകള്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്. ഇതിന്റെ ഫലം ലഭിക്കാനുണ്ട്. അതേസമയം കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഷൈനി. ഇതിന് തുടര്‍ന്നാണ് ഫെബ്രുവരി 28 ആം തീയതി മക്കളായ ഇവാന, അലീന എന്നിവര്‍ക്കൊപ്പം പുലര്‍ച്ചെ ഓടുന്ന ട്രെയിനിനു മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്. പിന്നാലെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി നോബിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.