ഏറ്റുമാനൂരില്‍ അമ്മ ഷൈനിയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആത്മഹത്യ ചെയ്യുന്നതിനായി അമ്മയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശികളായ ഷൈനി മക്കളായ ഇവാന, അലീന എന്നിവരാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
ഷൈനിയും മക്കളും പുലര്‍ച്ചെ വീടുവിട്ട് ഇറങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മക്കളില്‍ ഒരാളെ നിര്‍ബന്ധിച്ചു വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പള്ളിയില്‍ പോകാന്‍ എന്ന പേരില്‍ ഷൈനി വീട്ടില്‍ നിന്നും ഇറങ്ങിയത് പുലര്‍ച്ചെ 4.45ന് ആണ്. വീട്ടില്‍ നിന്ന് മൂവരും ഇറങ്ങിയപ്പോള്‍ ഒരു കുട്ടി വരാന്‍ കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് കുട്ടിയെ നിര്‍ബന്ധിച്ചാണ് ഷൈനി വിളിച്ചുകൊണ്ടുപോകുന്നത് എന്ന് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് പാറോലിക്കലുള്ള റെയില്‍വേ ട്രാക്കില്‍ എത്തി. പുലര്‍ച്ചെ 5.25 ന് വന്ന നിലമ്പൂര്‍ എക്സ്പ്രസ്സിനു മുന്പില് ചാടിയാണ് ഷൈനിയും മക്കളും ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഭര്‍ത്താവ് നോബി ലൂക്കോസുമായി 9 മാസമായി അകന്നു സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു ഷൈനി. നോബിയും ഷൈനിയും തമ്മിലുള്ള വിവാഹമോചന കേസ് ഏറ്റുമാനൂര്‍ കോടതിയില്‍ നടക്കുന്നതിനിടയാണ് ഈ ആത്മഹത്യ.
വിവാഹമോചനം വൈകുന്നതിലുള്ള മാനസിക പിരിമുറുക്കവും ഷൈനിക്ക് ജോലി ലഭിക്കാത്തത് അടക്കമുള്ള കാര്യങ്ങളും ഷൈനിയെ ഏറെ അലട്ടിയിരുന്നു. കഴിഞ്ഞദിവസം ഷൈനി തന്റെ അവസ്ഥയെക്കുറിച്ച് സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശം പോലീസ് വീണ്ടെടുത്തിരുന്നു. കുടുംബ പ്രശ്നങ്ങള്‍ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഷൈനി എന്ന് ശബ്ദ സന്ദേശത്തില്‍ നിന്ന് വ്യക്തമാണ്. ഇതിനിടയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഷൈനിയും പെണ്മക്കളും ആത്മഹത്യ ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഭര്‍ത്താവ് നോബിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.