വിലക്കയറ്റത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള നയമാണ് പൗരത്വ നിയമത്തിലൂടെയും എൻ.ആർ.സിയിലൂടെയും കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് ഇന്ത്യ ടുഡേ സർവ്വേ ഫലം. ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് ദ നേഷൻ സർവ്വേയിലാണ് ഈ കണ്ടെത്തൽ.
വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ കണ്ണ് തെറ്റിക്കാണെന്ന് ഭൂരിപക്ഷം വിശ്വസിക്കുന്നതായി ഇന്ത്യ ടുഡേ സർവ്വേയിൽ പറയുന്നു. 43 ശതമാനം പേരാണ് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ കണ്ണ് തെറ്റിക്കാനാണ് ഇപ്പോഴത്തെ നടപടികളെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം, 32 ശതമാനം പേർ തങ്ങൾ അങ്ങനെ കരുതുന്നില്ലെന്ന് അഭിപ്രായപ്പെടുന്നു.
25 ശതമാനം പേർ പൗരത്വ നിയമവും എൻ.ആർ.സിയും നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത് വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള ഗൗരവകരമായ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ കണ്ണ് തെറ്റിക്കാനാണെന്ന കാര്യം ശരിയാണെന്നോ തെറ്റാണെന്നോ എന്ന് അറിയില്ലെന്ന് പറഞ്ഞു. അതെസമയം വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുളള വിഷയങ്ങളെ മറച്ചുവയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണിതെന്നാണ് ഭൂരിപക്ഷ അഭിപ്രായം.