ഖുര്‍ ആന്‍ പാരായണം സ്വന്തം ഫോണിലൂടെ : യു.എ.ഇയിലെ മസ്ജിദുകള്‍ നിയന്ത്രണങ്ങളോടെ ജൂലൈ ഒന്നിന് തുറക്കുന്നു ; പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കില്ല

B.S. Shiju
Tuesday, June 30, 2020

ദുബായ് : യു.എ.ഇയില്‍ കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന മസ്ജിദുകള്‍ ജൂലൈ ഒന്ന് ബുധനാഴ്ച മുതല്‍ ഭാഗികമായി തുറക്കും. ഇതിന് മുന്നോടിയായി അണുനശീകരണം ഉള്‍പ്പെടെ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പൂര്‍ത്തിയായി. അതേസമയം കടുത്ത നിയന്ത്രണങ്ങളോടെയാണ് പള്ളികളിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കുക.

കടുത്ത നിയന്ത്രണങ്ങളോടെയാണ് യു.എ.ഇയിലെ മസ്ജിദുകള്‍ തുറക്കുന്നത്. ഇതിന്‍റെ ഭാഗമായി അണുനശീകരണം ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പൂര്‍ത്തിയായി വരുന്നു. അതേസമയം പള്ളികള്‍ തുറന്നാലും വെള്ളിയാഴ്ചത്തെ ജുമുഅ പ്രാര്‍ഥന മറ്റൊരു അറിയിപ്പ് വരുന്നതുവരെ ഉണ്ടായിരിക്കില്ല. എന്നാല്‍ വ്യവസായ മേഖല, ലേബര്‍ ക്യാമ്പുകള്‍, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്ക് സമീപത്തെ പള്ളികള്‍ ഇപ്പോള്‍ തുറക്കില്ല. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. 30 ശതമാനം പേരെ മാത്രമേ പള്ളികളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. ഇമാമുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് ആരോഗ്യവകുപ്പ് പരിശോധനകള്‍ നടത്തി.

ഇതിനിടെ രോഗബാധിതരുമായി സമ്പര്‍ക്കമുള്ളവരെ പള്ളികളില്‍ പ്രവേശിപ്പില്ല. പൊതുജന ആരോഗ്യ സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായാണിത്. കൂടാതെ പ്രായമായവര്‍, 12 വയസിന് താഴെയുള്ളവര്‍, മറ്റേ അസുഖങ്ങങളുള്ളവര്‍ എന്നിവര്‍ക്കും പ്രവേശനം അനുവദിക്കില്ല. പള്ളികളിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും അല്‍ ഹൊസ്ന്‍ എന്ന ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. പള്ളിക്കകത്ത് കുറഞ്ഞത് മൂന്ന് മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. ആരും കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. അംഗശുദ്ധി വീടുകളില്‍ നിന്ന് പൂര്‍ത്തിയാക്കിയാണ് വരേണ്ടത്. പ്രാര്‍ഥനയ്ക്കുള്ള പായ എന്ന, മുസല്ല വിശ്വാസികള്‍ നിര്‍ബന്ധമായും കൊണ്ടുവരണം. അവ പള്ളിയില്‍ വെക്കാതെ തിരിച്ചു കൊണ്ടുപോകണം. അതേസമയം പള്ളികളിലെ ഖുര്‍ ആന്‍ ഗ്രന്ഥങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. പകരം സ്വന്തം ഇലക്ട്രോണിക് ഉപകരണത്തിലൂടെ മാത്രമേ ഖുര്‍ ആന്‍ പാരായണം പാടുള്ളൂ. ഏതെങ്കിലും പള്ളികളില്‍ പുതുതായി കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍, ആ പള്ളി ഉടന്‍ അടയ്ക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.