മോസ്കോയില്‍ ഭീകരാക്രമണം; 62 പേര്‍ കൊല്ലപ്പെട്ടു, നൂറിലേറെ പേർക്ക് പരുക്ക്

Jaihind Webdesk
Saturday, March 23, 2024

റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ 62 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്‍റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ് നടന്നത്. സൈനികരുടെ വേഷത്തിലെത്തിയായിരുന്നു ആക്രമണം.

അക്രമികളിൽ ഒരാൾ പിടിയിലായതായാണ് വിവരം. ഭാക്കിയുള്ള അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വെടിവയ്പ്പിന് ശേഷം ഹാളിനകത്ത് സ്ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.