18 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്കും 18 ഇടത്ത് എല്‍ഡിഎഫിനും കൂടുതല്‍ വോട്ട്; സിപിഎം- ബിജെപി അന്തര്‍ധാര സജീവമോ?

Jaihind Webdesk
Tuesday, October 1, 2024

തിരുവനന്തപുരം: സിപിഎമ്മിന്റെ കുത്തകയായിരുന്ന പാര്‍ട്ടി വോട്ടുകള്‍ ബിജെപിക്ക് മറിയുകയാണെന്നു സമ്മതിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട്. ആറ്റിങ്ങലിലെ എല്‍ഡിഎഫ് പരാജയത്തിന്റെ കാരണം വോട്ടുകള്‍ ബിജെപിക്കു പോയതാണ്. പ്രധാനമേഖകളില്‍ സിപിഎമ്മിന്റെ വോട്ടുകള്‍ ബിജെപിയിലേക്ക് മറിയുകയായിരുന്നു.

ആലപ്പുഴയും തൃശൂരും അടക്കമുള്ള പല മണ്ഡലങ്ങളിലും സമാനമായ രീതിയില്‍ വോട്ടുമറിഞ്ഞു. അതെ സമയം മലപ്പുറം, പൊന്നാനി, ചാലക്കുടി, പത്തനംതിട്ട ഒഴിച്ചുള്ള 16 ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് വര്‍ധിച്ചുവെന്നും വിലയിരുത്തലുണ്ടായി.

18 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെക്കാള്‍ കൂടുതല്‍ വോട്ട് ബിജെപിക്ക് കിട്ടുകയും ചെയ്തു.മറ്റൊരു ശ്രദ്ധേമായ വസ്തുത എല്‍ഡിഎഫിന് ലീഡ് കിട്ടിയ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും 18 ആണ്. 11 മണ്ഡലങ്ങളില്‍ ലീഡ് നിലയില്‍ ബിജെപി അടുത്തെത്തി. അതോടൊപ്പം വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കാനായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു ബിജെപി നടത്തിയ നീക്കം ഗൗരവത്തോടെ കണ്ടില്ലെന്ന സ്വയംവിമര്‍ശനവും സിപിഎം നടത്തി.