കാസർഗോഡ് കള്ളവോട്ട് ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ്

Jaihind Webdesk
Wednesday, May 1, 2019

കാസർഗോഡ് കള്ളവോട്ട് ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ്. കാസർഗോഡ് മണ്ഡലത്തിലെ കയ്യൂർ ചീമേനിയിൽ 48ആം നമ്പർ ബൂത്തിൽ രണ്ട് സിപിഎം പ്രവർത്തകർ പലതവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട കോൺഗ്രസ് ഇവിടെ മാത്രം 120ലധികം കള്ളവോട്ടുകൾ ചെയ്തതായും ആരോപിക്കുന്നു.

സിപിഎം ശക്തികേന്ദ്രമായ ചീമേനിയിലെ 48ാം നമ്പർ ബുത്തിൽ രാഹുൽ എസ്, വിനീഷ് എന്നിവർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. ഇരുവരും പല സമയങ്ങളിലായി ബൂത്തിനുള്ളിൽ വോട്ട് ചെയ്യാൻ നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രവാസികളായ പതിനാറ് പേരുടെ വോട്ടുകൾ ഇത്തരത്തിൽ ഈ ബൂത്തിൽ കള്ളവോട്ടായി ചെയ്തുവെന്നാണ് പരാതി. കൂളിയാട് സ്‌കൂളിലെ ബൂത്തുകളിൽ മാത്രം 120ലധികം പേരുടെ കള്ളവോട്ട് നടന്നുവെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഇതോടെ കണ്ണൂരിൽ സിപിഎം ശക്തികേന്ദ്രങ്ങളിലടക്കം 90 ശതമാനത്തിന് മുകളിൽ പോളിങ് നടന്ന ബൂത്തുകളിലും റീപോളിങ്ങ് വേണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിന് ബലമേറുകയാണ്.

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജന്‍റെ വോട്ടുൾപ്പെടുന്ന കോങ്ങാറ്റ സ്‌കൂളിലെ 40, 41 ബൂത്തുകളിൽ കള്ളവോട്ട് നടന്നുവെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. കള്ളവോട്ട് നടന്നതായി സംശയിക്കുന്ന ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദൃശ്യങ്ങൾ ശേഖരിച്ച ശേഷം നടപടി സ്വീകരിക്കാനാണ് തീരുമാനം.  വിവരാവകാശം വഴിയും ഹൈക്കോടതി റിട്ട് വഴിയും വെബ്കാസ്റ്റിങ്ങ് ദൃശ്യങ്ങൾ സംഘടിപ്പിക്കാനാണ് യുഡിഎഫ് ശ്രമം.