അടിമാലി റേഞ്ചില്‍ നിന്ന് മാത്രം മുറിച്ചുകടത്തിയത് അഞ്ച് കോടിയിലേറെ വിലമതിക്കുന്ന മരങ്ങള്‍

Jaihind Webdesk
Tuesday, June 15, 2021

ഇടുക്കി : വിവാദ ഉത്തരവിന്‍റെ മറവിൽ ഇടുക്കിയിലെ അടിമാലി റേഞ്ചിൽ നിന്നും മുറിച്ച് കടത്തിയത് അഞ്ച് കോടിയിലധികം വിലമതിക്കുന്ന മരങ്ങൾ . മൂന്നൂറിലധികം മരങ്ങളാണ് മുറിച്ച് കടത്തിയത്. മരങ്ങൾ മുറിച്ചു കടത്തിയതിൽ അടിമാലി റേഞ്ചിലെ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി വനം വകുപ്പ് വിജിലൻസ് വിഭാഗം കണ്ടെത്തി.

ഇടുക്കി ജില്ലയിൽ ഏറ്റവും വലിയ വനം കൊള്ള നടന്നത് അടിമാലി റേഞ്ചിലാണെന്നാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. വൻ മരങ്ങളടക്കം കോടികളുടെ വിലമതിക്കുന്നവ നിയമവിരുദ്ധമായി മുറിച്ചുകടത്താനാണ് കച്ചവടക്കാർക്ക് ഉദ്യോഗസ്ഥർ പാസ് നൽകിയത്. ഇതിനു പിന്നിൽ ലക്ഷങ്ങളുടെ കോഴ ഇടപാട് നടന്നുവെന്നുമാണ് വിജിലൻസിന്‍റെ പ്രാഥമിക കണ്ടെത്തൽ.

പട്ടയഭൂമിയിൽ നട്ടുപിടിപ്പിച്ചതും സ്വയം കിളിർത്തുവന്നതുമായ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്ന ഉത്തരവ് മറയാക്കി ഈട്ടിയും തേക്കും ഉൾപ്പെടെയുള്ള വൻ മരങ്ങൾ മുറിച്ചുകടത്തി. ഇതിന് അഞ്ച് കോടിയിലധികം വില വരുമെന്നാണ് കണക്കുകൂട്ടൽ. പട്ടയഭൂമിയിലെ എല്ലാ റിസർവ് മരങ്ങളുടെയും ഉടമസ്ഥാവകാശം സർക്കാരിനാണെന്ന് ഇതിനിടെ ഹൈക്കോടതി ഉത്തരവുണ്ടായെങ്കിലും മരംമുറിക്കൽ നിര്‍ബാധം തുടർന്നു.

മുക്കടം സെക്ഷനിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് കോതമംഗലം ഫോറസ്റ്റ് ഫ്ലൈയിംഗ് സ്‌ക്വാഡ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തിൽ മരം കടത്താൻ വനപാലകർ തന്നെ അകമ്പടി സേവിച്ചതായും വിജിലൻസ് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. മുമ്പ് തേക്കടി റേഞ്ചിൽ നടന്ന ചന്ദന മരം മുറിയുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ തന്നെയാണ് മുക്കടം സെക്ഷനിലെ മരംമുറിയിലും പ്രതിസ്ഥാനത്തുള്ളത്. വനംവകുപ്പിലെ ഉന്നതരെ സ്വാധീനിച്ച് കേസിൽനിന്നും രക്ഷപ്പെടാൻ ഇവർ ശ്രമം തുടങ്ങിയിട്ടുണ്ട്.

ജില്ലയിലെ എല്ലാ റേഞ്ച് ഓഫീസിലും വിജിലൻസ് പരിശോധന തുടങ്ങി. 2020 മാർച്ച് മുതൽ മരം മുറിക്കാൻ അനുമതി നൽകിയതിന്‍റെ രേഖകളാണ് പരിശോധിക്കുന്നത്. ചിലയിടങ്ങളിൽ പട്ടയഭൂമിയിൽ നിന്നും മരംമുറിക്കാനുള്ള അനുമതിയുടെ മറവിൽ പുറമ്പോക്ക് ഭൂമിയിൽ നിന്നും റിസർവ് വനത്തിൽ നിന്നും മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തിയിട്ടുണ്ട്.