ഹോട്‌സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ കൂടുതൽ കടകൾ തുറക്കാം

Jaihind News Bureau
Saturday, April 25, 2020

ഹോട്‌സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ കൂടുതൽ കടകൾ തുറക്കാൻ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾ തുറക്കാൻ അനുമതി ഇല്ല. എന്നാൽ ഒറ്റപ്പെട്ട കടകൾക്ക് അനുമതിയുണ്ട്. മുനിസിപ്പാലിറ്റികൾ നിർദേശിക്കുന്ന സമയക്രമം കർശനമായി പാലിക്കണം. 50 ശതമാനം ജീവനക്കാരേ തുറക്കുന്ന കടകളിൽ പാടുള്ളൂ.

ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഇളവ് പുതുക്കിയ കേന്ദ്ര വിജ്ഞാപനം കേരളത്തിനും ബാധകമാണെന്നും അതേപടി നടപ്പാക്കുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. കേരളത്തിലെ പഞ്ചായത്തുകളിൽ കൂടുതൽ കടകൾ ശനിയാഴ്ച മുതൽ തുറക്കാമെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു. അതേസമയം, റെഡ് സോൺ ജില്ലകളിലും ഹോട്ട്സ്പോട്ടുകളിലും നേരത്തെയുള്ള നിയന്ത്രണങ്ങൾ തുടരും. മറ്റിടങ്ങളിൽ കടകൾ തുറക്കാം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് അനുസരിച്ച് പലചരക്ക് കടകൾ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കു പുറമേ ചെറിയ കടകളും ഇന്ന് മുതല്‍ തുറന്ന് പ്രവർത്തിക്കാം. എന്നാല്‍ ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

നഗരസഭാ, കോർപറേഷൻ പരിധിക്കു പുറത്ത് ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമ പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള കടകളും പാർപ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം. എന്നാല്‍ സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകളിലെ ഷോപ്പുകൾ ഇതിൽപെടില്ല. അവ തുറക്കാൻ അനുമതിയില്ല. നഗരസഭാ, കോർപറേഷൻ പരിധിയിൽ വരുന്ന കോർപറേഷൻ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമ പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള കടകളും ഒറ്റപ്പെട്ട കടകളും പാർപ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം. എന്നാൽ കമ്പോളങ്ങൾക്കും സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾക്കും അനുമതിയില്ല.

എസി വിൽപ്പന കേന്ദ്രങ്ങൾക്ക് ഇളവില്ല. എന്നാൽ എ സി റിപ്പെയറിങ് സ്ഥാപനങ്ങൾ തുറക്കാം. ജ്വല്ലറികൾക്ക് തുറക്കാൻ കഴിയില്ലെന്നും

ലോക്ഡൗൺ ഇളവു സംബന്ധിച്ചു വ്യക്തത വരുത്താൻ സംസ്ഥാന സർക്കാർ ഇറക്കിയ പുതിയ ഉത്തരവിലും അവ്യക്തത നിലനിന്നിരുന്നു. വർക്‌ഷോപ്പുകൾ (വ്യാഴം, ഞായർ), കണ്ണടക്കടകൾ (തിങ്കൾ), എസി വിൽക്കുന്ന കടകൾ തുടങ്ങിയവ തുറക്കുന്നതിന് 11ലെ ഉത്തരവിലുള്ള അനുമതി പുതിയ ഉത്തരവിൽ ഇല്ല. പുതിയ ഉത്തരവിൽ എസി വിൽപനയെക്കുറിച്ചു പറയുന്നില്ലെങ്കിലും ഫാൻ വിൽക്കാൻ അനുമതിയുണ്ട്.

ഫ്രിജ്, വാഷിങ് മെഷീൻ റിപ്പയറിങ് കടകൾ തിങ്കളും മൊബൈൽ ചാർജിങ് കടകൾ, കംപ്യൂട്ടർ സർവീസ് കേന്ദ്രങ്ങൾ എന്നിവ ഞായറും തുറക്കാൻ 11ലെ ഉത്തരവിൽ അനുവദിച്ചിരുന്നു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങളും യന്ത്രങ്ങളും നന്നാക്കുന്ന കടകൾ തുറക്കാമെന്നു മാത്രമാണു പുതിയ ഉത്തരവിൽ പറയുന്നത്. വിശദാംശങ്ങളോ തുറക്കാവുന്ന ദിവസങ്ങളോ ഇല്ല. ഒറ്റ, ഇരട്ട അക്ക നമ്പർ അടിസ്ഥാനത്തിലുള്ള വാഹന നിയന്ത്രണത്തിൽനിന്ന് ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കി.