റഫേല്‍ അഴിമതി: ഇനിയും പലതും വെളിപ്പെടുത്താനുണ്ടെന്ന് എന്‍.റാം

Jaihind Webdesk
Saturday, March 9, 2019

ചെന്നൈ: റഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഇനിയും വെളിപ്പെടുത്താനുണ്ടെന്നും വൈകാതെ അവ പ്രതീക്ഷിക്കാമെന്നും ‘ഹിന്ദു’ ദിനപത്രത്തിന്റെ ചെയര്‍മാനും മുന്‍ ചീഫ് എഡിറ്ററുമായ എന്‍ റാം. ചെന്നൈയില്‍ ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റഫേലിനുപിന്നില്‍ ഒട്ടേറെ അഴിമതികള്‍ നടന്നിട്ടുണ്ട്. ഇതിന്റെ രേഖകള്‍ കൈവശമുണ്ട്. അവ പണം കൊടുത്ത് വാങ്ങിയതല്ല. രഹസ്യസ്രോതസ്സില്‍നിന്ന് ലഭിച്ചതാണ്. രേഖകള്‍ ആരുനല്‍കി എന്ന് ആരോടും വെളിപ്പെടുത്തേണ്ട ആവശ്യമില്ല. അത് രഹസ്യമാക്കിത്തന്നെ സൂക്ഷിക്കും. രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയാണ് റഫേല്‍ ഇടപാടിനുപിന്നിലെ അഴിമതികള്‍ പുറത്തുവിട്ടതെന്നും റാം പറഞ്ഞു.

യഥാര്‍ഥരേഖകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയതെന്ന് സര്‍ക്കാര്‍തന്നെ സുപ്രീംകോടതിയില്‍ സമ്മതിച്ചിരിക്കുകയാണ്. അതില്‍ സന്തോഷമുണ്ട്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ രേഖകള്‍ മോഷ്ടിച്ചതാണെന്നുപറയുന്നത് അംഗീകരിക്കാനാവില്ല. റഫാല്‍ ഇടപാടിലെ ക്രമക്കേടുകള്‍ വിശദമാക്കി അഞ്ചുദിവസങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്ത നല്‍കി. ഇതില്‍ ക്രമക്കേടുകളെക്കുറിച്ചുള്ള ഏകദേശ രൂപം വ്യക്തമാക്കിയിട്ടുണ്ട്. ഇടപാടില്‍ ക്രമക്കേടുകള്‍ ഒട്ടേറെയുണ്ട്. റഫാലിലെ പല സുപ്രധാന വിവരങ്ങളും കേന്ദ്രസര്‍ക്കാര്‍ മറച്ചുവെച്ചു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍പോലും സത്യാവസ്ഥ പുറത്തുപറയാന്‍ വിസമ്മതിച്ചു. പഴയ കരാറിനെക്കാള്‍ ഇന്ത്യയ്ക്ക് നഷ്ടമുണ്ടാക്കുന്നതാണ് പുതിയ കരാര്‍. രണ്ടാമത്തെ കരാറില്‍ കൂടിയവിലയാണുള്ളത്. ബാങ്ക് ഗാരന്റി ഒഴിവാക്കിയത് വലിയ നഷ്ടമുണ്ടാക്കി. രാജ്യസുരക്ഷ സംബന്ധിച്ച ഇടപാടുകള്‍ നടത്തുമ്പോഴുള്ള സൂക്ഷ്മമായ നടപടിക്രമങ്ങള്‍പോലും പാലിച്ചിട്ടില്ല. അഴിമതി, സ്വാധീനം ചെലുത്തല്‍, കമ്മിഷന്‍ പറ്റല്‍ തുടങ്ങിയ കാര്യങ്ങളുണ്ടായി. കാബിനറ്റില്‍ വേണ്ടവിധത്തില്‍ ഇത് അവതരിപ്പിച്ചില്ല.

2015 ഏപ്രില്‍ 10ന് പാരീസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിടുക്കപ്പെട്ടാണ് പ്രഖ്യാപനം നടത്തിയത്. ഇത്രയധികം ചെലവുവരുന്ന ഇടപാട് എന്തിനാണ് തിടുക്കപ്പെട്ട് പ്രഖ്യാപിച്ചതെന്ന് മനസ്സിലാകുന്നില്ല. ഹാര്‍ഡ്വേര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ക്കല്ല, പകരം വിമാനത്തിന്റെ രൂപകല്‍പ്പനയ്ക്കായിരുന്നു അധിക തുക എന്നത് സംശയമുളവാക്കുന്ന കാര്യമാണ്. തിരഞ്ഞെടുപ്പില്‍ ജനങ്ങളെ നേരിട്ടുബാധിക്കുന്ന പ്രശ്നങ്ങളാണ് കൂടുതല്‍ ഉയര്‍ത്തിക്കാട്ടുക. അതിനാല്‍, റഫാല്‍ തിരഞ്ഞെടുപ്പുപ്രചാരണ വിഷയമാകുമെങ്കിലും വോട്ടിന്റെ കാര്യത്തിലെത്തുമ്പോള്‍ തൊഴിലില്ലായ്മ, ഉപജീവനപ്രശ്നം, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ ജനകീയ പ്രശ്നങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം കിട്ടുകയെന്നും അദ്ദേഹം പറഞ്ഞു.