ലൈഫില്‍  കൂടുതല്‍ ക്രമക്കേടുകള്‍; ഫ്ലാറ്റിന് പുറമെ ആശുപത്രിക്ക് വേണ്ടിയും കരാർ; സ്വകാര്യ കമ്പനിക്ക് കരാർ നല്‍കിയത് കേന്ദ്രത്തെ അറിയിക്കാതെ

Jaihind News Bureau
Thursday, August 27, 2020

 

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. ഫ്ലാറ്റ് നിര്‍മ്മാണത്തിന് പുറമെ ആശുപത്രി നിര്‍മ്മാണത്തിനും നിഗൂഢ കരാര്‍ ഉണ്ടാക്കി. കേന്ദ്ര സര്‍ക്കാര്‍ അറിയാതെയാണ് ആശുപത്രിക്കുള്ള കരാര്‍ ‘സെയിന്‍ വെഞ്ചേഴ്‌സ്’ എന്ന കമ്പനിയുമായി ഒപ്പിട്ടത്. ടെലികോം രംഗത്ത് മാത്രമാണ് ഈ കമ്പനിക്ക് പ്രവര്‍ത്തന പരിചയം ഉള്ളത്.

എല്ലാ ചട്ടങ്ങളും കാറ്റില്‍പറത്തിയാണ് വടക്കാഞ്ചേരിയില്‍ ആശുപത്രി നിര്‍മാണത്തിന് കോണ്‍സുലേറ്റ് സ്വകാര്യ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയോ അറിവോ ഇല്ലാതെയാണ് കോണ്‍സുലേറ്റിന്‍റെ കരാര്‍. ഫ്ലാറ്റ് നിര്‍മാണത്തിനും ആശുപത്രി നിര്‍മാണത്തിനും കരാര്‍ ഒപ്പിട്ടത് രണ്ട് കമ്പനികളുമായാണ്. രണ്ടു കമ്പനികള്‍ക്കുമുള്ളത് ഒരേ ഡയറക്ടര്‍മാര്‍. ഫ്ലാറ്റ് നിര്‍മാണത്തിന് കരാര്‍ ഒപ്പിട്ട യൂണിടെക്കിന്‍റെ ഡയറക്ടര്‍മാരായ സന്തോഷ് ഈപ്പനും സീമ സന്തോഷും ആശുപത്രിക്കു കരാര്‍ ഏറ്റെടുത്ത സെയ്ന്‍ വെഞ്ചേഴ്‌സിന്‍റെയും ഡയറക്ടര്‍മാരാണെന്നതും ശ്രദ്ധേയമാണ്. 2019 ജൂലൈ 31നാണ് ഇത് സംബന്ധിച്ച് കരാര്‍ ഒപ്പിട്ടത്.

അതേസമയം ആശുപത്രി നിര്‍മ്മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് നിര്‍മാണ മേഖലയില്‍ ഒരു മുന്‍പരിചയവും ഇല്ല എന്നതാണ് വസ്തുത. ഈ കമ്പനി ഇതുവരെ പ്രവര്‍ത്തിച്ചത് ടെലികോം മേഖലയില്‍ മാത്രമാണ്. ഫ്ലാറ്റ് നിര്‍മാണത്തിനുള്ള 14.24 കോടി രൂപയില്‍ നിന്ന് ഒരു കോടി രൂപ സ്വപ്‌നയ്ക്കു ലഭിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീട് നാലേകാല്‍ കോടിയാണ് കമ്മീഷന്‍ എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. 20 കോടിയുടെ കരാറില്‍ ഫ്ലാറ്റ് കഴിഞ്ഞുള്ള അഞ്ചേമുക്കാല്‍ കോടി രൂപയ്ക്കായിരുന്നു ആശുപത്രി കെട്ടിടം പണിയാന്‍ കരാര്‍. ഒരേ ഡയറക്ടര്‍മാരുള്ള രണ്ടു കമ്പനിക്ക് കരാര്‍ നല്‍കിയതിലാണ് ദുരൂഹത ഏറുന്നത്.

എന്നാൽ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ കരാര്‍ ഒപ്പിടാന്‍ കോണ്‍സുലേറ്റിന് എങ്ങനെ സാധിച്ചു, ലൈഫ് മിഷന്‍റെ പങ്കാളിത്തമില്ലാതെ കോണ്‍സുലേറ്റിന് നേരിട്ട് കരാറില്‍ ഏര്‍പ്പെടാൻ സാധിക്കുമൊ, ഒരേ ഡയറക്ടര്‍മാര്‍ തന്നെയുള്ള രണ്ടു കമ്പനികള്‍ക്ക് എന്തിന് കരാര്‍ കൈമാറി, സംസ്ഥാന സര്‍ക്കാരിലെ ഉന്നതര്‍ അറിയാതെ കോണ്‍സുലേറ്റിന് കേരളത്തില്‍ ഒരു കരാര്‍ സാധ്യമാകുമോ, ഫ്ലാറ്റ് നിര്‍മ്മാണത്തിന് കമ്മീഷന്‍ കൊടുത്തെങ്കില്‍ ആശുപത്രി നിര്‍മാണത്തിന് എത്ര നല്‍കി തുടങ്ങിയ ചോദ്യങ്ങളും നിലനിൽക്കുകയാണ്.


teevandi enkile ennodu para