കേരളത്തില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ പിന്‍വലിച്ചതോടെ പ്രവാസി മടക്കയാത്രയ്ക്ക് തിരക്കേറുന്നു : മടങ്ങുന്നത് കുടുംബങ്ങള്‍ | VIDEO

Jaihind News Bureau
Wednesday, June 10, 2020

ദുബായ് : നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ക്വാറന്‍റൈന്‍ വീട്ടില്‍ മതിയെന്ന കേരള സര്‍ക്കാര്‍ തീരുമാനത്തോടെ, കൊവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങുന്ന ഗള്‍ഫ് മലയാളികളുടെ തിരക്ക് വര്‍ധിക്കുന്നു. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും മറ്റും, കുടുംബങ്ങളുടെ രജിസ്‌ട്രേഷന്‍ തിരക്ക് അതിവേഗം വര്‍ധിച്ചത് ഇതുമൂലമാണെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടും, പ്രവാസികള്‍ ആശങ്കകള്‍ മാറുന്നില്ലെന്ന പരാതി ശക്തമാണ്.

ക്വാറന്‍റൈന്‍ വീട്ടിലാക്കിയത് ‘ഉപകാരപ്രദമാക്കി’ പ്രവാസികള്‍

പ്രവാസികള്‍ക്ക് രണ്ടര ലക്ഷം ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കിയ വാഗ്ദാനവും, കേറി വാടാ മക്കളെ എന്ന് , കേരള സര്‍ക്കാര്‍, ആവര്‍ത്തിച്ച് ക്ഷണിച്ചതും, പ്രവാസ ലോകത്ത് വലിയ വാര്‍ത്തയും ചര്‍ച്ചയുമായിരുന്നു. എന്നാല്‍, മെയ് ഏഴു മുതല്‍ തുടങ്ങിയ ആദ്യഘട്ട മടക്കയാത്രയില്‍, പ്രവാസി കുടുംബങ്ങള്‍, നാട്ടിലേക്ക് മടങ്ങാന്‍, മടിച്ചു നിന്നിരുന്നു. ഈ ഘട്ടത്തില്‍ രോഗികളും ഗര്‍ഭിണികളും ജോലി നഷ്ടപ്പെട്ടവരും വീസാ കാലാവധി കഴിഞ്ഞവരുമാണ് കൂടുതലായി മടങ്ങിയത്. കേരള സര്‍ക്കാര്‍ ഒരുക്കിയ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലെ, പരാതികളും മോശം പെരുമാറ്റങ്ങളും ആയിരുന്നു ഇതിന് പിന്നിലെ പ്രധാന കാരണം. ഇതോടെ, സ്‌കൂള്‍ പ്രവര്‍ത്തനം ഇ-ലേണിങ് വഴിയാക്കിയിട്ടും കുടുംബങ്ങള്‍ ഒരു പരിധി വരെ യാത്രയ്ക്ക് മടിച്ചു.  ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളെ കുറിച്ച് നിരവധി പരാതികളും പ്രവാസ ലോകത്ത് ഉയര്‍ന്നു. മാത്രവുമല്ല, ക്വാറന്‍റൈന്‍ ചെയ്യാന്‍, പ്രവാസികള്‍, പണം നല്‍കണം എന്ന ഉത്തരവും വലിയ വിവാദമായി. ഏറ്റവും ഒടുവില്‍, പ്രവാസികളുടെ ക്വാറന്‍റൈന്‍, വീട്ടില്‍ തന്നെ മതിയെന്നതും സംസ്ഥാന സര്‍ക്കാരിന്‍റെ മറ്റൊരു പിന്‍മാറ്റമായി ആക്ഷേപം ഉയര്‍ന്നു.  

രജിസ്‌ട്രേഷന് കുടുംബങ്ങളുടെ തിരക്ക് കൂടി

നിര്‍ബന്ധിത ക്വാറന്‍റൈന്‍, പ്രവാസികളുടെ വീട്ടിലേക്ക് മാറ്റിയതോടെ, കൊവിഡ് കാലത്ത് , കേരളത്തിലേക്ക് മടങ്ങുന്നവരുടെ തിരക്ക് വീണ്ടും, വര്‍ധിക്കാന്‍ കാരണമായെന്ന് ജയ്ഹിന്ദ് ന്യൂസ് കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളില്‍, വിവിധ സംഘടനകള്‍ നടത്തിയ രജിസ്‌ട്രേഷനുകളില്‍ ഈ തിരക്കും പ്രകടമാണ്. വേനല്‍അവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ള കുടുംബങ്ങളുടെ അന്വേഷണവും രജിസ്റ്റ്‌ട്രേഷനും കൂടി. കൂടാതെ,  തൊഴില്‍ നഷ്ടവും , ശമ്പളം വെട്ടിക്കുറക്കലും മൂലം, മടങ്ങുന്ന കുടുംബങ്ങളും നിരവധിയാണ്.

പുതിയ സ്‌കൂള്‍ അധ്യയനത്തിന് മുമ്പ് നാട്ടിലെത്താന്‍

കേരളത്തിലെ പുതിയ സ്‌കൂള്‍ അധ്യയന വര്‍ഷത്തിന് മുമ്പായി, നാട്ടില്‍ എത്തിച്ചേരാനാണ് ഇത്തരക്കാര്‍ തിരക്ക് കൂട്ടുന്നത്. കൊവിഡിന് മുമ്പ് വരെ, കേരളത്തിലേക്ക് ഓരോ ദിവസവും യുഎഇയില്‍ നിന്ന് മാത്രം, ഇരുപത്തിയഞ്ചോളം വിമാനങ്ങള്‍ വരെ സര്‍വീസ് നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ഏറ്റവും പുതിയ വിമാന പട്ടികയില്‍, കഴിഞ്ഞ ദിവസം 44 വിമാനങ്ങള്‍ അനുവദിച്ചിരുന്നു. ഇതുവരെ യുഎഇയില്‍ നിന്ന് മടങ്ങിയ ഇന്ത്യക്കാര്‍ ഇരുപതിനായിരത്തില്‍ താഴെ മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ മലയാളികള്‍, വെറും പതിനായിരത്തില്‍ താഴെ മാത്രമാണ്. മാത്രവുമല്ല, ഇനിയും ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം ഇന്ത്യക്കാര്‍ യുഎഇയില്‍ നിന്ന് മാത്രം, നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണ്.