തിരുവനന്തപുരം: തിരുവനന്തപുരം: സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ എത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നീക്കം ചെയ്തെന്ന സംശയം ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത്. സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ തകരാറിലായ സി.സി ടി.വി സംവിധാനത്തിലെ തകരാറിലായ പോർട്ട് മാറ്റുന്നതിന് തുക അനുവദിച്ചു കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവാണ് പുറത്ത് വന്നിരിക്കുന്നത്.
കള്ളക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയും ഓഫീസർ നിത്യസന്ദർശകനായിരുന്നു. ഇവരുടെ സന്ദർശനം പകർത്തിയ സി സി ടി വി ദൃശ്യങ്ങൾ സെക്രട്ടറിയേറ്റിൽ നിന്നും നീക്കം ചെയ്ത തായി നേരത്തെ സംശയം ഉയർന്നിരുന്നു. കേസ് വിവാദമായതോടെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കരുതെന്ന നിർബന്ധം സർക്കാരിന് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആ ദിവസങ്ങളിലെ സെക്രട്ടറിയേറ്റ് സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ് തെന്ന ആരോപണം ഉയർന്നത്. ഇത് സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ ഓഫീസിലും പരിസരത്തുമുള്ള സിസിടിവി സംവിധാനത്തിന്റെ പോർട്ട് കേടായതിന് പകരം പുതിയത് സ്ഥാപിക്കാൻ തുക അനുവദിച്ചു കൊണ്ടാണ് പുതിയ ഉത്തരവ്. ഈ മാസം 13 നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സിസിടിവി സംവിധാനത്തിലെ പോർട്ടിന് കേടുപാട് സംഭവിച്ചത് കനത്ത ഇടിമിന്നൽ കാരണമാണെന്നാണ് വിശദീകരണം. എന്നാൽ ഈ അടുത്ത കാലത്തൊന്നും തിരുവനന്തപുരം നഗരത്തിൽ കനത്ത മഴയോ ഇടിമിന്നലോ ഉണ്ടായിട്ടില്ല.
ഐടി വകുപ്പിലെ വിവിധ ഓഫീസുകളും ചീഫ് സെക്രട്ടറിയുടെ ഓഫീസിന് സമീപത്താണ്. ഇതും ദുരൂഹത വർധിപ്പിക്കുന്നു. പോർട്ട് കേടായി എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. നേരത്തെ പോർട്ട് കേടായതിനാൽ റിക്കോർഡിംഗ് നടന്നില്ല എന്ന വാദം മുന്നോട്ടു വയ്ക്കാൻ കഴിയും. കൊവിഡ്-19 വ്യാപനത്തെ തുടർന്ന് തലസ്ഥാനം ലോക്ക്ഡൗണിലായതിന്റെ മറവിലാണ് ഇടതുപക്ഷ സർവീസ് സംഘടനാ ജീവനക്കാരെ ഉപയോഗിച്ച് സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്തതെന്നാണ് ഉയർന്നിരുന്ന ആരോപണം. സെക്രട്ടറിയേറ്റിലെ സുരക്ഷാ വിഭാഗത്തിലെ ഇടതുപക്ഷ ജീവനക്കാരുടെ പിന്തുണയും ഇതിനുണ്ടായിരുന്നു.