റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലിന് കൂടുതല്‍ തെളിവുകള്‍

റഫാൽ കരാറിൽ കേന്ദ്ര സർക്കാർ ഇടപെട്ടതിന് കൂടുതൽ തെളിവുകൾ പുറത്ത്. കരാറിൽനിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടൽ നടന്നാൽ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്‍റെ തെളിവുകൾ ഇന്ന് പുറത്തുവന്നു. ഈ വിവരം മറച്ചുവെച്ചാണ് കേന്ദ്രം സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയതെന്നും ദി ഹിന്ദുവിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

റഫാൽ ഇടപാട് സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് സമർപ്പിക്കാനിരിക്കെയാണ് നിർണായക തെളിവുകൾ പുറത്തുവന്നത്. കരാറിൽ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടൽ ഉണ്ടാവുകയോ വീഴ്ചകൾ സംഭവിക്കുകയോ ചെയ്താൽ കമ്പനിയിൽനിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രം ഒഴിവാക്കി നൽകിയത്. ഇതുപ്രകാരം കരാറിൽ എന്തെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടൽ നടന്നാൽ ദസോ ഏവിയേഷനിൽ നിന്നോ എം.ബി.ഡി.എയിൽ നിന്നോ പിഴ ഈടാക്കാനാകില്ല.

റഫാൽ കരാറിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടൽ നടത്തിയതായി കഴിഞ്ഞദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച നടത്തിയത് രാജ്യതാല്‍പര്യങ്ങൾക്ക് വിരുദ്ധമാകുമെന്ന പ്രതിരോധവകുപ്പ് സെക്രട്ടറിയുടെ കത്ത് സഹിതമാണ് ഈ വെളിപ്പെടുത്തലുണ്ടായത്. എന്നാൽ ഈ വെളിപ്പെടുത്തൽ തെറ്റാണെന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ വിശദീകരണം. മുഴുവൻ വസ്തുതയും ഉൾപ്പെടുത്താതെ ഒരുഭാഗം മാത്രമുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കരാറിൽ ഇടപെട്ടിട്ടില്ലെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചിരുന്നു.

narendra modiRafael Deal Issue
Comments (0)
Add Comment