എം.ജി സർവകലാശാലയുടെ സ്വയംഭരണാധികാരത്തിൽ മന്ത്രി കെടി ജലീലിന്‍റെ ഇടപെടലിന് കൂടുതൽ തെളിവുകൾ; അദാലത്തിലെ ഫയലുകൾ മന്ത്രി കാണണമെന്ന് ഉത്തരവിറക്കി; വിദ്യാർത്ഥികളെ സംബന്ധിക്കുന്ന ഫയലുകളിലെ ഇടപെടലുകളും ദുരൂഹം

Jaihind News Bureau
Thursday, December 5, 2019

സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരത്തില്‍ ഉന്നത വിദ്യാഭ്യസ മന്ത്രി കെ ടി ജലീൽ നടത്തിയ ഇടപെടലിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അദാലത്തുകളിൽ മന്ത്രി പങ്കെടുക്കുമെന്നും ഫയലുകള്‍ മന്ത്രിക്ക് കാണണമെന്നും ചൂണ്ടിക്കാട്ടി പ്രത്യേക ഉത്തരവ് ഇറക്കി. അതേ സമയം മന്ത്രിയുടെ അനധികൃത ഇടപെടലുകൾ വൈസ് ചാൻസലർ മാർ ഗവർണറിൽ നിന്ന് മറച്ച് വച്ചു. ഉത്തരവിന്റെ പകർപ്പ് ജയ് ഹിന്ദ് ന്യൂസിന് ലഭിച്ചു.

‌എം.ജി, കേരളാ, കുസാറ്റ്, കെ,റ്റി,യു കാലിക്കറ്റ്, കണ്ണൂർ,സർവ്വകലാശാലകളിൽ അദാലത്ത് നടത്തുന്നതിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസ് പ്രത്യേക ഉത്തരവ് പുറത്തിറക്കിയത്. അദാലത്ത് ഏത് രീതിയിൽ നടത്തണമെന്നും അതിനായി എന്തൊക്കെ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും വ്യക്തമാക്കുന്ന ഉത്തരവിൽ സംഘാടകസമിതി പരിശോധിച്ച് തീര്‍പ്പാക്കാൻ സാധിക്കാത്ത ഫയലുകളോ മന്ത്രിയുടെ ഇടപെടല്‍ ആവശ്യമുള്ള ഫയലുകളോ അദാലത്ത് ദിവസം മന്ത്രിക്ക് നല്‍കണമെന്നും ഉത്തരവിൽ പറയുന്നു.മന്ത്രിയുടെ ഇടപെടൽ ആവശ്യമുള്ള ഫയലുകൾ നേരത്തെ നൽകണമെന്ന നിർദേശവും ഉത്തരവിൽ ഉണ്ട്.

അദാലത്ത് മുഖേനെ തീർപ്പാക്കിയ അപേക്ഷയുടെ വിശദംശങ്ങൾ മന്ത്രിക്ക് നൽകണം. അദാലത്ത് ദിവസം വരെയുള്ള പുരോഗതി റിപ്പോർട്ട് എല്ലാ ആഴ്ചയും മന്ത്രിയുടെ ഓഫീസിൽ നൽകണ മെന്നും ഉത്തരവിൽ പറയുന്നു.

സര്‍വകലാശാല ചട്ടം അനുസരിച്ച് പ്രോ ചാൻസലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വകലാശാലകളില്‍ ഇടപെടണമെങ്കിൽ ചാൻസലറായ ഗവർണറുടെ അഭാവത്തില്‍ മാത്രമേ പറ്റൂ. അതിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്.
ഇതെല്ലാം തെറ്റിച്ചാണ് അദാലത്തുകളില്‍ മന്ത്രി അനധികൃതമായ നടപടൽ നടത്തിയിരിക്കുന്നത്‌. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നടന്ന അദാലത്തുകളിലാണ് എംജിയിലും സാങ്കേതിക സര്‍വകലാശാലയിലും വിവാദമായ മാർക്ക് ദാനങ്ങൾ നടന്നത്.ഈ വിവാദങ്ങൾ ഉണ്ടായപ്പോള്‍ മന്ത്രിയോ ഉന്നത വിദ്യാഭ്യാസ വകുപ്പോ സര്‍വകലാശാലകളില്‍ ഇടപെടുന്നുണ്ടോ എന്ന് ഗവർണർ വൈസ്ചാൻസലര്‍മാരോട് രേഖാമൂലം വിശദീകരണം ചോദിച്ചിരുന്നു.

എന്നാൽ ഭരണകാര്യങ്ങളിലോ നയപരമായ വിഷയങ്ങളിലോ മന്ത്രിയുടെ ഇടപെടലില്ല എന്നാണ് ഒട്ടു മിക്ക സര്‍വകലാശാലകളും മറുപടി നല്‍കിയത്. മന്ത്രിയുടെ ഇടപെടലിന് കൃത്യമായ രേഖകളുണ്ടായിട്ടും വൈസ് ചാൻസലർമാർ ചാൻസലർ ആയ ഗവർണറെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
മാർക്ക് ദാന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താക്കീത് നൽകിയതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ കൂടുതൽ തെളിവുകൾ കൂടി പുറത്ത് വന്നിരിക്കുന്നത്.

teevandi enkile ennodu para