വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് ഗ്രേസ്സ് മാർക്ക് നേടിയതിന്‍റെ കൂടുതൽ രേഖകൾ പുറത്ത്

Jaihind News Bureau
Wednesday, July 24, 2019

ചെന്നൈയിൽ നടന്ന സൗത്ത് സോണ്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിന്‍റെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് ഗ്രേസ്സ് മാർക്ക് നേടിയതിന്‍റെ കൂടുതൽ രേഖകൾ പുറത്ത് വന്നു . വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ലോബി നടത്തുന്ന വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുക്കണമെന്നാവശ്യം ശക്തമാകുന്നു.

2017 ഓഗസ്റ്റ് 21 മുതല്‍ 26 വരെ ചെന്നൈയില്‍ നടന്ന സൗത്ത് സോണ്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിന്‍റെ പേരിലാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചിരിക്കുന്നത്. അസോസിയേഷന്‍റെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുമ്പ് തന്നെ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ അപ്പലോഡ് ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. ദേശീയ തലത്തില്‍ നടക്കുന്ന മല്‍സരങ്ങള്‍ക്ക് ദേശീയ സെക്രട്ടറിയുടെ ഒപ്പ് വേണമെന്നാണ് നിബന്ധന.

എന്നാല്‍ തമിഴ്‌നാട്, കേരള റൈഫിൾ അസോസിയേഷന്‍ സെക്രട്ടറിമാരുടെ ഒപ്പായിരുന്നു വ്യാജസര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ ഒരു റൈഫിൾ ക്ലബിന്‍റെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ പുറത്തിറങ്ങിയത് . സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് പരാതിക്കാരനായ കൊല്ലം ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി അഡ്വ. സാജു.എസ്.ദാസ് ആവശ്യപ്പെട്ടു. 12 വിദ്യാര്‍ത്ഥികള്‍ക്കായി 32 വ്യാജസര്‍ട്ടിഫിക്കറ്റുകൾ നിർമ്മിച്ചെന്നാണ് പരാതി. യൂണിവേഴ്റ്റി കോളേജ് പ്രതി ശിവരഞ്ജിത്തിന്റെ അമ്പെയ്ത്ത സർട്ടിഫിക്കറ്റിനും ഇതിനും സമാനതകൾ ഏറെ ഉണ്ടെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു .