തൊഴില്‍ തട്ടിപ്പില്‍ സരിതയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ; പണം നല്‍കിയെന്ന് തെളിയിക്കുന്ന വാട്‌സാപ് ചാറ്റുകള്‍ പുറത്ത്

Jaihind News Bureau
Tuesday, February 9, 2021

തിരുവനന്തപുരം : തൊഴില്‍ തട്ടിപ്പില്‍ സരിത.എസ്.നായര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പരാതിക്കാരന്‍. സരിതയുടെ വാട്‌സാപ് ചാറ്റുകളാണ് പുറത്തുവിട്ടത്. പണത്തിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയതും പണം നിക്ഷേപിച്ചതിന്റെ തെളിവും പരാതിക്കാരന്‍ പുറത്തുവിട്ടു.

തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ രാഷ്ട്രീയഭീഷണിയുണ്ടെന്ന് പരാതിക്കാരനായ  അരുൺ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. മന്ത്രിമാരുടെയും സ്റ്റാഫുകളുടെയും പേരടക്കം പറഞ്ഞാണ് സരിത.എസ്.നായർ തട്ടിപ്പ് നടത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു പഞ്ചായത്ത് മെമ്പറെ പോലും ചോദ്യം ചെയ്യാൻ പൊലീസിനെ സർക്കാർ അനുവദിക്കുന്നില്ലെന്നും അരുൺ  പറഞ്ഞു.

സാധാരണഗതിയിലുള്ള ഒരു ആരോപണം മാത്രമായിരുന്നില്ല താൻ നൽകിയ കേസ്. തെളിവുകൾ സഹിതമാണ് കേസ് നൽകിയത്. രണ്ടര മാസമായിട്ടും കേസന്വേഷണവുമായി ബന്ധപ്പെട്ട് സരിത എസ് നായരെ ചോദ്യം ചെയ്യാൻ പോലും പൊലീസ് വിളിപ്പിച്ചിട്ടില്ലെന്നും അരുൺ വ്യക്തമാക്കുന്നു. പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോൾ കേസുമായി ഹൈക്കോടതിയിലേക്ക് നീങ്ങാനാണ് അരുണിന്‍റെ തീരുമാനം.