പോക്സോ കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിനെതിരെ കൂടുതല്‍ തെളിവുകള്‍; ഫോണിൽ 30 സ്ത്രീകൾക്ക് ഒപ്പമുള്ള വീഡിയോ

Jaihind Webdesk
Thursday, December 8, 2022

തിരുവനന്തപുരം: മലയിന്‍കീഴ്  പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിനെതിരെ കൂടുതല്‍ തെളിവുകള്‍. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് വിളവൂർക്കൽ മലയം ജിനേഷ് ഭവനിൽ ജിനേഷ് ജയന്‍റെ ഫോണിൽ നിന്ന് ഇയാള്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ പോലീസ് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ് ഫോണിലുള്ളത്.

മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതിന്‍റെയും പെൺകുട്ടികൾക്ക് ലഹരി വസ്തുക്കൾ കൊടുക്കുന്നതിന്‍റെയും ദൃശ്യങ്ങളും ഫോണിലുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഫോൺ സൈബർ സെല്ലിന് കൈമാറി. സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെടെ എട്ട് പേരാണ് പിടിയിൽ. പ്രതികൾ രണ്ട് വർഷത്തോളമായി പെൺകുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖല പ്രസിഡന്‍റ് വിളവൂർക്കൽ മലയം ജിനേഷ് ഭവനിൽ ജിനേഷ് ജയൻ (29), തൃശൂർ മേത്തല കോനത്തുവീടിൽ സുമേജ് (21), മലയം ചിത്തിര വീട്ടിൽ അരുൺ (മണികണ്ഠൻ–27) , പൂഴിക്കുന്ന് പൊറ്റവിള വീട്ടിൽ വിഷ്ണു (20), പെരുകാവ് തൈവിള മുണ്ടുവിള തുറവൂർ വീട്ടിൽ സിബി (20), വിളവൂർക്കൽ പ്ലാങ്കോട്ടുമുകൾ ലക്ഷ്മി ഭവനിൽ അനന്തു (18), വിളവൂർക്കൽ വിഴവൂർ വഴുതോട്ടുവിള ഷാജി ഭവനിൽ അഭിജിത്ത് (20) എന്നിവരും പെൺകുട്ടിയുടെ അയൽവാസിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഇപ്പോൾ റിമാൻഡിൽ ആണ്.

മുമ്പും ഡിവൈഎഫ്ഐ നേതാവ് ജിനേഷിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. 2016 ല്‍ യുവതിയുടെ ഫോൺ നമ്പർ ജെനീഷ് ഒരു പോൺ ഗ്രൂപ്പിൽ ഇടുകയായിരുന്നു. തൊട്ടടുത്ത ദിവസം മുതൽ ഫോണ്‍ കോളുകളും സന്ദേശങ്ങളുമെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാട്ടുകാരനായ ജെനീഷ് തന്നെയാണ് ഫോണ്‍ നമ്പർ ഗ്രൂപ്പിൽ ഇട്ടതെന്ന് യുവതിക്ക് മനസിലായി. കേസ് കൊടുക്കാൻ തീരുമാനിച്ചെങ്കിലും പാര്‍ട്ടി ഇടപെടുകയായിരുന്നു. യുവാവിന്‍റെ അച്ഛന്‍ വന്ന് ക്ഷമ പറയുകയും പുറത്തറിഞ്ഞാല്‍ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും പറഞ്ഞതോടെ യുവതി കേസ് കൊടുക്കുന്നതില്‍ നിന്ന് പിന്മാറി. പ്രതിവിധിയായി അഭയയിലോ ശ്രീചിത്രാ ഹോമിലോ ഗാന്ധിഭവനിലോ 25,000 രൂപ അടച്ച് സംഭാവന രസീത് ഏൽപ്പിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.. മകൻ ജയിലിൽ കിടക്കാതിരിക്കാൻ അവന്‍റെ അച്ഛൻ ഈ ആവശ്യം അംഗീകരിച്ചു. ഈ രസീത് ഉൾപ്പെടെ യുവതി ഫേസ്ബുക്കിൽ മുമ്പ് പങ്കുവെച്ചിരുന്നു.