കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് പങ്കെന്ന് സൂചന; വ്യാപാരസ്ഥാപനങ്ങളിലും കോടികളുടെ തിരിമറി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കൂടുതൽ സിപിഎം നേതാക്കൾ ഉൾപ്പെട്ടതായി സൂചന. ബാങ്കിനെ കുറിച്ച് ലഭിച്ച പരാതികളിൽ സിപിഎം നടത്തിയ ആഭ്യന്തര അന്വേഷണത്തിലും അഴിമതി കണ്ടെത്തിയിരുന്നു. അതിനിടെ ബാങ്കിന്‍റെ വ്യാപാര സ്ഥാപനങ്ങളിലും കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വ്യക്തമായി.

കരുവന്നൂർ ബാങ്കിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് 6 വർഷം മുമ്പേ പാർട്ടിക്ക് വിവരം ലഭിച്ചിരുന്നു. ഭൂമി നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ഒരു പാർട്ടി അംഗം തന്നെയാണ് പരാതി നൽകിയത്. തുടർന്ന് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.കെ ഷാജനെയും മുൻ എം.പി പി.കെ ബിജുവിനെയും അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഇവർ നടത്തിയ അന്വേഷണത്തിൽ വൻ ക്രമക്കേട് ബോധ്യപ്പെട്ടു. പല വായ്പകളിലും സിപിഎം പ്രാദേശിക നേതാക്കൾ നേരിട്ടാണ് ഇടപെട്ടിട്ടുള്ളത്. പല സിപിഎം നേതാക്കളും വായ്പയുടെ ഗുണഭോക്താക്കളായിരുന്നുവെന്നാണ് പാർട്ടിക്ക് ലഭിച്ച വിവരം. മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനും ഭാര്യയ്ക്കും ജില്ലാ പഞ്ചായത്ത് മുൻ മെമ്പർക്കും ഇക്കാര്യങ്ങൾ അറിയാമായിരുന്നു എന്നും ബോധ്യപ്പെട്ടു. ക്രമക്കേടുകളുടെ വ്യാപ്തി 125 കോടി രൂപയിലേറെയാണെന്ന് കണ്ടെത്തിയിട്ടും സിപിഎം നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിച്ചുവെന്നാണ് പ്രാദേശികമായി ഉയരുന്ന പരാതി.

അതിനിടെ ബാങ്കിലെ കൂടുതൽ തിരിമറികൾ പുറത്തുവരികയാണ്. ബാങ്കിന്‍റെ കീഴിലുള്ള സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ ഒരുവർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ മാത്രം ഒന്നരക്കോടിരൂപയിലധികം കുറവുണ്ടെന്ന് കണ്ടെത്തി. ബാങ്കിലെ കുറി നടത്തിപ്പിൽ മാത്രം അമ്പത് കോടി രൂപയുടെ തിരിമറി നടന്നെന്നു വ്യക്തമാക്കുന്ന തെളിവുകളും സഹകരണ വകുപ്പിന് ലഭിച്ചിട്ടുണ്ട്.

Comments (0)
Add Comment