കൊവിഡിന് കൂടുതല്‍ വകഭേദങ്ങള്‍ : ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

Jaihind Webdesk
Monday, June 28, 2021

ന്യൂഡല്‍ഹി : ഡെൽറ്റ, ഡെൽറ്റ പ്ലസ് വകഭേദങ്ങൾക്ക് പുറമെ കൂടുതൽ വകഭേദങ്ങൾക്കെതിരെ ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെൽറ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചുണ്ടായ B.1.617.3 , B.1.617.2 , കാപ്പ എന്നിവയ്ക്കൊപ്പം b.11.318, ലാംഡ എന്നീ വകഭേദങ്ങളാണ് ഒടുവിൽ കണ്ടെത്തിയത്. ഇതിൽ രണ്ട് വകഭേദങ്ങൾ നിലവിൽ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് മൂന്ന് വകഭേദങ്ങൾ മറ്റു രാജ്യങ്ങളിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന യാത്രകൾ അനുവദിക്കുന്നതോടെ ഈ വകഭേദങ്ങളുടെ വ്യാപനം കൂടുമെന്നാണ് വിദഗ്ധരുടെ ആശങ്ക.

വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെ കൃത്യമായ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി വകഭേദങ്ങളുടെ വ്യാപനം പിടിച്ചു കെട്ടണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. കൂടുതൽ പേർക്ക് വാക്സീൻ നൽകി മൂന്നാം തരംഗം തടയാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. ഇതുവരെ മുപ്പത്തിരണ്ട് കോടി മുപ്പത്തിയാറ് ലക്ഷം ഡോസ് വാക്സീനാണ് രാജ്യത്ത് വിതരണം ചെയ്തത്. അമേരിക്കയിലിത് 32 കോടി മുപ്പത്തിമൂന്ന് ലക്ഷം ആണ്. വാക്സിനേഷനിൽ അമേരിക്കയെ മറികടന്നപ്പോഴും യൂറോപ്പിന്‍റെ വാക്സീൻ പാസ്പോർട്ട് പദ്ധതിയിൽ കൊവിഷീൽഡ് ഉൾപ്പെടാത്തത് ആശങ്കയായി. വിഷയം ഉടൻ പരിഹരിക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധർ പുനെവാല പറഞ്ഞു.

യൂറോപ്പൻ യൂണിയന്‍റെ വാക്സീൻ പദ്ധതിയിൽ ആസ്ട്രസെനക്ക ഉൾപ്പെട്ടെങ്കിലും ഇന്ത്യയിൽ ഉത്പാദിപ്പിച്ച അതേ വാക്സീനായ കൊവിഷീൽഡിന് അംഗീകാരം നല്‍കിയില്ല. യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഗ്രീൻപാസ് കിട്ടാൻ ഇത് തടസ്സമാകും.