പൂർവ വിദ്യാർത്ഥികളുടെ പരാതി; സിപിഎം മുന്‍ നഗരസഭാംഗത്തിനെതിരെ കൂടുതല്‍ കേസുകള്‍

Jaihind Webdesk
Monday, May 16, 2022

മലപ്പുറം: പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം മുൻ നഗരസഭാംഗവും  അധ്യാപകനുമായ കെ.വി ശശികുമാറിനെതിരെ കൂടുതല്‍ കേസുകള്‍. ഒരു പോക്‌സോ കേസ് ഉള്‍പ്പടെ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ നൽകിയ മൂന്ന് പരാതികളില്‍ കൂടി കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൂര്‍വ വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഇന്നലെ ലഭിച്ച ഒരു പരാതിയിലാണ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. അധ്യാപകനായിരിക്കെ കെ.വി ശശികുമാര്‍ മുപ്പത് വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പരാതി. സിഐ ജോബി തോമസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വയനാട് ബത്തേരിക്ക് സമീപത്തെ ഹോം സ്റ്റേയിൽനിന്നാണ് ഇയാളെ പിടികൂടിയത്. പോക്സോ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അമ്പതിലധികം പീഡന പരാതികളാണ് ശശികുമാറിനെതിരെ ഉയർന്നത്.