കർഷകരുടെയും ചെറുകിട സംരംഭകരുടെയും കടങ്ങൾക്ക് മൊറട്ടോറിയം അനുവദിക്കണം : രാഹുൽ ഗാന്ധി

Jaihind Webdesk
Thursday, July 29, 2021

 

കൽപ്പറ്റ: ചെറുതും ഇടത്തരം കർഷകരും ധാരാളമായി അധിവസിക്കുന്ന വയനാട് പാർലമെൻ്റ്  മണ്ഡലത്തിലെ കർഷകർക്ക് അവരുടെ വായ്പയിൻമേൽ അടിയന്തരമായി മൊറട്ടോറിയം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് രാഹുൽ ഗാന്ധി കത്തയച്ചു.

2018, 2019 വർഷങ്ങളിൽ ഉണ്ടായ അതിഭീകര പ്രളയത്തിന് ശേഷം അനന്തമായി നീളുന്ന കൊവിഡ്‌ ലോക്ക്ഡൗൺ കാരണം കർഷകരും ചെറുകിട സംരംഭകരും കടുത്ത പ്രയാസം നേരിടുകയാണ്. തങ്ങളുടെ വിളകൾ മാർക്കറ്റിൽ എത്തിക്കാൻ കഴിയാത്തതും വില കുറവും കാരണം സാമ്പത്തികമായി തകർന്നിരിക്കുന്ന അവസ്ഥയിലാണ് കർഷകർ.

ഈ അവസരത്തിൽ യാതൊരും മാനുഷിക പരിഗണനയുമില്ലാതെ നടക്കുന്ന ജപ്തി നടപടികൾ ഉടൻ നിർത്തിവെയ്ക്കണം എന്നും കഷ്ടതയനുഭവിക്കുന്ന വയനാട്ടിലെ കർഷകരുടെയും ചെറുകിട സംരംഭകരുടേയും വായ്പകൾക്ക് അടിയന്തരമായി മൊറട്ടോറിയം അനുവദിക്കണം എന്നും 2021 ഡിസംബർ 31 വരെ എല്ലാ പിഴപലിശയും ഒഴിവാക്കണം എന്നും കേന്ദ്ര ധനകാര്യ മന്ത്രിക്ക് അയച്ച കത്തിൽ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.