മലപ്പുറം : തിരൂരിനടുത്ത് ചെറിയമുണ്ടത്ത് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം. ഒരു പെൺകുട്ടിയുമായി ചാറ്റ് ചെയ്തെന്നാരോപിച്ചാണ് മർദ്ദനം. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമിച്ചവർ എല്ലാവരും പ്രായപൂർത്തി ആവാത്തവർ ആണ്.
ഇക്കഴിഞ്ഞ 17 ന് ആണ് മാനസിക വെല്ലുവിളി നേരിടുന്ന തിരൂർ വാണിയന്നൂർ സ്വദേശിയായ യുവാവിന് മർദ്ദനമേറ്റത്. ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചു എന്നാരോപിച്ചാണ് പെൺകുട്ടിയുടെ സഹോദരൻ അടക്കം 7 പേർ അടങ്ങുന്ന സംഘം യുവാവിനെ ക്രൂരമായി മർദിച്ചത്.
വീട്ടിൽ അവശ നിലയിൽ ആയിരുന്ന യുവാവ് വീട്ടുകാരോട് സംഭവത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാൽ മർദ്ദിക്കുന്ന ദൃശ്യം ആക്രമി സംഘം മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചതോടെയാണ് വീട്ടുകാർ സംഭവത്തിന്‍റെ ഗൗരവം മനസിലാക്കുന്നത്.തുടർന്ന് യുവാവ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് മാതാവ് സുഹ്റ പറഞ്ഞു. മാതാവ് പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ 7 പേർക്ക് എതിരെ തിരൂർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.