ചേർപ്പിലെ സദാചാരക്കൊല: രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു പ്രതിയെ പോലും പിടിക്കാനാകാതെ പോലീസ്

Jaihind Webdesk
Thursday, March 9, 2023

തൃശൂർ: ചേർപ്പിലെ സദാചാര കൊലയിൽ അന്വേഷണം പുരോഗമിക്കുന്നു. മർദ്ദനം നടന്ന് 18 ദിവസം കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പോലീസിന് നാണക്കേടായി മാറി. അതിനിടെ പ്രതികളിൽ ചിലർ ഇന്ന് കീഴടങ്ങുമെന്നാണ സൂചന. എട്ടംഗ സംഘമാണ് ചിറയ്ക്കൽ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്ത് സഹറിനെ വളഞ്ഞിട്ടു മർദിച്ചത്. മർദ്ദനത്തിൽ സഹറിന്‍റെ വാരിയെല്ലൊടിഞ്ഞു. നട്ടെല്ലിനു പൊട്ടലുണ്ടായി. വൃക്കകളും അനുബന്ധ ആന്തരികാവയവങ്ങളും തകർന്നു. സംഭവം നടന്ന് 18 ദിവസം പിന്നിട്ടെങ്കിലും പ്രതികളിൽ ഒരാളെപ്പോലും പിടികൂടാൻ പൊലീസിനായിട്ടില്ല. 10 പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്.

ആക്രമണത്തിനു നേതൃത്വം നൽകിയെന്നു സംശയിക്കുന്ന പഴുവിൽകോട്ടം നെല്ലിപ്പറമ്പിൽ രാഹുൽ വിദേശത്തേക്ക് കടന്നെന്നും പോലീസ് പറയുന്നു. ഇയാളെ ബന്ധപ്പെടാനായിട്ടില്ല. കോട്ട കരിക്കിൻതറ വിഷ്ണു, മച്ചിങ്ങൽ ടിനോ, മച്ചിങ്ങൽ അഭിലാഷ്, കൊടക്കാട്ടിൽ വിജിത്ത്, കൊടക്കാട്ടിൽ അരുൺ, എട്ടുമന കാരണയിൽ ജിഞ്ചു ജയൻ, ചിറക്കൽ അമീർ എന്നിവർക്കെതിരെ തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ടാലറിയാവുന്ന മറ്റ് 2 പേർക്കെതിരെ കൂടി കൊലക്കുറ്റത്തിനു കേസെടുത്തിട്ടുമുണ്ട്. പ്രതികളുടെ വീടുകളും ബന്ധുവീടുകളും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. മർദ്ദന ദിവസം സഹാർ കാണാനെത്തിയ പെൺ സുഹൃത്തിന്‍റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രെയുടെ മേൽനോട്ടത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിനാണ് അന്വേഷച്ചുമതല.