ചേർപ്പിലെ സദാചാര കൊലപാതകം: കൊലയാളി സംഘത്തിലെ ആരെയും പിടിക്കാന്‍ കഴിയാതെ പോലീസ്; പ്രതികളില്‍ ഒരാളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേർ അറസ്റ്റില്‍

Jaihind Webdesk
Saturday, March 11, 2023

തൃശൂർ: ചേർപ്പിലെ സദാചാര കൊലപാതകത്തിൽ രണ്ടു പേർ അറസ്റ്റിലായി. കൊലയാളി സംഘത്തിലെ അമീറിനെ രക്ഷപ്പെടാൻ സഹായിച്ചവരാണ് അറസ്റ്റിലായത്. അതേസമയം എട്ടംഗ കൊലയാളി സംഘത്തിലെ ആരെയും പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

ഫൈസൽ, സുഹൈൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലയാളി സംഘത്തിലെ അമീറിനെ രക്ഷപ്പെടാൻ ഇവരാണ് സഹായിച്ചത്. ചേർപ്പ് സ്വദേശികളാണിവർ. അതേസമയം എട്ടംഗ കൊലയാളി സംഘത്തിലെ ആരെയും പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം 18 നാണ് സഹറിന് മർദനമേറ്റത്. ചൊവ്വാഴ്ച മരണം സംഭവിച്ചു. രാഹുൽ, അമീർ, ജിഞ്ചു, ഡിനോ, വിഷ്ണു, വിജിത്ത്, അഭിലാഷ് എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേരെയുമാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. ഇതിൽ രാഹുൽ വിദേശത്തേക്ക് കടന്നു എന്ന് പോലീസ് പറയുന്നു.

കേസിൽ പോലീസിന്‍റെ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ചിറക്കൽ, കോട്ട പ്രദേശങ്ങളിൽ വിവിധ രാഷ്ട്രീയ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. പ്രതികൾക്ക് രക്ഷപ്പെടാൻ പോലീസ് വഴിയൊരുക്കി എന്നാണ് ആരോപണം. സഹറിനെ മർദ്ദിച്ച ശേഷം ഒരാഴ്ചയോളം പ്രതികൾ നാട്ടിലുണ്ടായിരുന്നു. ഒരു വിവാഹ ചടങ്ങിൽ ഇവർ പങ്കെടുത്തതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.

അതിനിടെ അന്വേഷണ സംഘം വിപുലപ്പെടുത്തി. റൂറൽ എസ്പി ഐശ്വര്യ ഡോംഗ്രെയുടെ മേൽനോട്ടത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ചേർപ്പ്, അന്തിക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷൻ ഓഫീസർമാർ എന്നിവരുൾപ്പെടെ 20 പേരാണ് സംഘത്തിലുള്ളത്.