മാസപ്പടിയിലെ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകള്‍

Jaihind Webdesk
Thursday, February 8, 2024

 

തിരുവനന്തപുരം: മാസപ്പടി കേസിലെ എസ്എഫ്ഐഒ (SFIO) അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ ടി. വീണ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി. കേന്ദ്ര സർക്കാരിനെയും എസ്എഫ്ഐഒ ഡയറക്ടറേയും എതിർ കക്ഷികൾ ആക്കിയാണ് ഹർജി നൽകിയത്. ഇന്ന് രാവിലെയാണ് വീണാ വിജയൻ കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം കൂടുതൽ ശക്തമായതിനിടയിലാണ് ടി. വീണ കോടതിയെ സമീപിച്ചത്. കഴിഞ്ഞദിവസം സമാനമായ ഹർജി കെഎസ്ഐഡിസി കേരള ഹൈക്കോടതിയിൽ നൽകിയിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഒളിക്കാനില്ലെങ്കില്‍ ഭയക്കുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞിരുന്നു. ഇതാദ്യമായിട്ടാണ് മാസപ്പടി കേസിൽ വീണാ വിജയൻ നിയമ നടപടിയിലേക്ക് ഇറങ്ങുന്നത്.

സിഎംആർഎല്ലിലും കെഎസ്ഐഡിസിയിലും പരിശോധന നടത്തിയ സംഘം ഉടൻ എക്സാലോജിക്കിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ തയാറെടുക്കുന്നതിനിടയിലാണ് ഹർജി. വീണാ വിജയൻ നേരിട്ട് ഹാജരാകാനോ രേഖകൾ ഹാജരാക്കാനോ
ആവശ്യപ്പെട്ട് എസ്എഫ്ഐഒ സമീപദിവസം നോട്ടീസ് നൽകാൻ ഇരിക്കവെയാണ് ഹർജി നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ നൽകിയ ഹർജിയിൽ ഹൈക്കോടതി വരും ദിവസങ്ങളിൽ തുടർ നടപടി സ്വീകരിക്കും.

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ മാസപ്പടി കേസിൽ സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും കണ്ടെടുക്കുകയും ശേഖരിക്കുകയും ചെയ്ത രേഖകളും വിവരങ്ങളും പരിശോധിച്ച് കൂടുതൽ നടപടികൾ വരും ദിവസങ്ങളിൽ അന്വേഷണം സംഘം കൈക്കൊള്ളും. ഇതോടെയാണ് വീണാ വിജയൻ നിയമ വഴികൾ തേടി ഇറങ്ങിയത്.