മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജി പ്രതിപക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടതാണെന്നും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ട്. വീണയുടെ കമ്പനി ഒരു സേവനവും നല്‍കിയിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു’. ലാവലില്‍,സ്വര്‍ണ കടത്ത് കേസുകള്‍പോലെയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയമായ കേസല്ല, കള്ളപ്പണം വെളുപ്പിച്ച കേസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണ വിജയനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണ നേരിടണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്. ഈ വിഷയത്തിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.
ജബല്‍പൂര്‍ വിഷയത്തില്‍ പ്രതികരിച്ചത്:
‘ബിജെപിയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പിന്റെ ഉദ്ദേശം രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വളര്‍ത്തിയെടുക്കുക എന്നുള്ളതാണ്. അതില്‍ ആരും വീണു പോകരുത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി ആക്രമണങ്ങളാണ് പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്കു നേരെയുണ്ടായത്. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗലില്‍ ദു:ഖവെള്ളി പ്രവര്‍ത്തി ദിനമായി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഉത്തരവ് വന്നിരിക്കുകയാണ്. ഇതെല്ലാം ബിജെപിയുടെ വെല്ലുവിളികളാണ’്. തിരഞ്ഞെടുപ്പ് കാലത്ത് പള്ളിയില്‍ സ്വര്‍ണ കിരീടമായി പോയാല്‍ മാത്രം പോര, ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ നിന്ന് അവരെ സംരക്ഷിക്കാനുള്ള ബാധ്യതയും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കുണ്ട്.
ഗോകുലം ഗോപാലന്‍റെ ഇ.ഡി റെയ്ഡില്‍ പ്രതികരിച്ചത്:
എമ്പുരാന്‍ സിനിമയുടെ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഗോകുലം ഗാപാലന്റെ ഓഫിസിലെ റെയ്‌ഡെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിനു പിന്നിലെ അജണ്ഡ എല്ലാവര്‍ക്കും അറിയാമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
വഖഫ് ബില്ലില്‍ പ്രതികരിച്ചത്:
വഖഫ് ഭേദഗതി ബില്‍ പാസായാലും മുനമ്പം പ്രശ്‌നം തീരില്ലെന്ന് പ്രതിപക്ഷ നേതാവ്. വഖഫ് ബില്ലില്‍ പ്രതിപക്ഷത്തിന് കൃത്യമായ നിലപാടുണ്ട്.