സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ കാലവർഷം എത്തും; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Jaihind Webdesk
Wednesday, May 29, 2024

 

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍  കാലവർഷം  എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നുണ്ടെന്നും അതിനാല്‍ അടുത്ത ഏഴ് ദിവസം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിച്ചു.

അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നല്‍കി.  താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയെന്നും  മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം അല്ലെങ്കില്‍ അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാമെന്നും മുന്നറിയിപ്പുണ്ട്.  വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യതയുണ്ടെന്നും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്നും അറിയിച്ചു.