തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദം മറികടക്കാനും തെറ്റിദ്ധാരണ പരത്താനും സിപിഎം ഉപയോഗിച്ചത് തട്ടിപ്പുകാരന്‍ മോന്‍സൺ മാവുങ്കലിന്‍റെ വ്യാജ പുരാവസ്തു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലൂടെയായിരുന്നു വ്യാജ പ്രചാരണം. ശബരിമല മൂന്നര പതിറ്റാണ്ട് മുമ്പ് ദ്രാവിഡ ആരാധനാകേന്ദ്രം ആയിരുന്നുവെന്നും അവിടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലെന്നും സ്ഥാപിക്കാനാണ് ദേശാഭിമാനി മോന്‍സണിന്‍റെ കൈവശമുള്ള വ്യാജ പുരാവസ്തു ഉപയോഗിച്ചത്.
യുവതീ പ്രവേശനത്തിന് യാതൊരു തരത്തിലുള്ള വിലക്കും ഇല്ലെന്ന് വരുത്തിത്തീർക്കാനായിരുന്നു സിപിഎം മുഖപത്രം മോന്‍സണിന്‍റെ പുരാവസ്തുവിനെ കൂട്ടുപിടിച്ചത്. 351 വർഷം പഴക്കമുള്ള രേഖ എന്നായിരുന്നു ദേശാഭിമാനി വാർത്തയില്‍ പറഞ്ഞത്. ഇന്ന് വിശ്വസിക്കുന്ന ആചാരങ്ങൾ ഒന്നുംതന്നെ ഇല്ലെന്ന് സ്ഥാപിക്കാനും ദേശാഭിമാനി ശ്രമിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം പ്രതിരോധത്തിലായ ഘട്ടത്തിലാണ് ദേശാഭിമാനി ഇത്തരത്തിലൊരു വാർത്തയുമായി രംഗത്തെത്തിയത്.
ലക്ഷക്കണക്കിന് വിശ്വാസികളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ദേശാഭിമാനിയുടെ നിലപാട്. പാർട്ടി പത്രം വ്യാജ രേഖ ആധാരമാക്കി പുറത്തുവിട്ട റിപ്പോർട്ടിലൂടെ ശബരിമലയില്‍ നിലനിന്നിരുന്ന ആചാരങ്ങളെയെല്ലാം തള്ളിപ്പറയുകയാണ് ചെയ്തത്. സിപിഎമ്മിനും പാർട്ടി മുഖപത്രത്തിലെ വാർത്തയ്ക്കുമെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഉയരുന്നത്.