മോന്‍സന്‍റെ പുരാവസ്തു തട്ടിപ്പ് കേസ്; ബെഹറ ഉള്‍പ്പെടെയുള്ളവരുടെ മൊഴി എടുത്തു

Jaihind Webdesk
Monday, October 25, 2021

 

മോന്‍സണ്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ലോകനാഥ് ബെഹറയുടെ മൊഴിയെടുത്തു. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്താണ് മൊഴിയെടുത്തത്. സംഭവത്തില്‍ എഡിജിപി മനോജ് ഏബ്രഹാം, ‘ട്രാഫിക് ഐജി ലക്ഷ്മണ്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. മോന്‍സന്‍റെ വീട്ടില്‍ പോയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ബെഹറയില്‍ നിന്നും  മനോജ് ഏബ്രഹാമില്‍ നിന്നും ചോദിച്ചറിഞ്ഞത്. മോന്‍സനെ കേസില്‍ സഹായിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഐജി ലക്ഷ്മണില്‍ നിന്നും ചോദിച്ചറിഞ്ഞു.

മോൻസണ്‍ കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സാഹചര്യത്തിലാണ് മുൻ ഡിജിപി ബെഹറയുടെ മൊഴി രേഖപ്പെടുത്തിയത്. മോന്‍സന്‍റെ വീട്ടില്‍ പൊലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് പ്രധാനമായും അന്വേഷണസംഘം വിശദീകരണം തേടിയത്. ബെഹ്റ മോൻസന്‍റെ കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചതിന് ശേഷമാണ് വീടിന് മുമ്പില്‍ ബീറ്റ്ബോക്സ് സ്ഥാപിക്കുന്നത്. പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മോന്‍സന്‍റെ കലൂരിലെ വാടക വീട്ടിലും ചേര്‍ത്തലയിലെ കുടുംബ വീട്ടിലും ബീറ്റ് ബോക്സ് സ്ഥാപിച്ചത് എന്നതിന്‍റെ രേഖകളും പുറത്തു വന്നിരുന്നു.

മോണ്‍സണിനെതിരായ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ഐജി ലക്ഷ്മണയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ഐജി ലക്ഷ്മണയുടെ വീട്ടില്‍ വെച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പ്രവാസി മലയാളിയും മോൻസന്‍റെ സുഹൃത്തുമായ അനിത പുല്ലയിലും ലക്ഷ്മണയും തമ്മിൽ നടത്തിയ വാട്ട്സ് ആപ്പ് ചാറ്റിലും ബെഹറയുടെ പേര് പരാമർശിച്ചിരുന്നു. ഇരുവർക്കും പുറമെയാണ് എഡിജിപി മനോജ് എബ്രഹാമിന്‍റെ മൊഴിയും ക്രൈം ബ്രാഞ്ച് ശേഖരിച്ചത്. മുൻ ഡിജിപി ലോകനാഥ് ബെഹറക്കൊപ്പം മനോജ് എബ്രഹാമും മോൻസന്‍റെ വസതിയിൽ സന്ദർശനം നടത്തിയിരുന്നു.