ഡിജിപി അനില്‍കാന്തുമായും മോന്‍സണ്‍ കൂടിക്കാഴ്ച നടത്തി; കണ്ടത് പൊലീസ് ആസ്ഥാനത്തുവെച്ച്, ദുരൂഹത

Jaihind Webdesk
Wednesday, September 29, 2021

തിരുവനന്തപുരം : മോൺസണ്‍ മാവുങ്കൽ ഡിജിപി അനിൽ കാന്തുമായി പോലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. തട്ടിപ്പുകാരനെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് നിലനിൽക്കെ നടത്തിയ കൂടിക്കാഴ്ചയിൽ ദുരൂഹത. മോന്‍സണെ സഹായിച്ച പൊലീസുകാരെക്കുറിച്ച് ഇന്‍റലിജൻസ് അന്വേഷണവും നടക്കും.

മോൻസൺ മാവുങ്കലിന് ഉന്നത പൊലീസുദ്യോഗസ്ഥരുമായുള്ള ബന്ധത്തിന്‍റെനിരവധി തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.  മുൻ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം, ഐജി ലക്ഷ്മൺ, മുൻ ഡിഐജി എസ്. സുരേന്ദ്രൻ അടക്കം നിരവധി ഉദ്യോഗസ്ഥർ മോൻസണുമായി ബന്ധം പുലർത്തിയിട്ടുണ്ട്.  മോൻസൺ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിൽ നിറുത്തിയിരുന്നതിന്‍റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

മോൻസണിൽ നിന്ന് ഒട്ടേറെ പൊലീസുകാർ ആനുകൂല്യങ്ങൾ പ​റ്റുന്നതായും ചിലർക്ക് പുരാവസ്തുക്കളെന്ന പേരിൽ ഉപഹാരങ്ങള്‍ നൽകിയതായും വിവരമുണ്ട്. മോൻസൺ പണം നൽകാനുള്ളവർ പ്രശ്നമുണ്ടാക്കിയപ്പോൾ മധ്യസ്ഥത വഹിച്ചത് ഉന്നത പൊലീസുദ്യോഗസ്ഥരായിരുന്നു. ഓരോ ദിവസവും മോന്‍സണിന്‍റെ കൂടുതല്‍ തട്ടിപ്പുകളുടെ കഥകളാണ് പുറത്തുവരുന്നത്. മോന്‍സണുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായാണ് സൂചന.