കൊച്ചി : പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള് കൊച്ചിയിൽ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശിയും പ്രവാസി മലയാളി ഫെഡറേഷന് ചെയര്‍മാനുമായ മോന്സണ് മാവുങ്കലാണ് പിടിയിലായത്. പലരില്‍ നിന്നായി ഇയാള്‍ 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
യുഎഇയിലും മറ്റുമുള്ള രാജകുടുംബാംഗങ്ങള്‍ക്ക് താന്‍ പുരാവസ്തു നല്‍കിയിട്ടുണ്ടെന്നും ഇതിലൂടെ രണ്ട് ലക്ഷം കോടിയിലധികം രൂപ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഇയാള്‍ പരിചയക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ചില നിയമക്കുരുക്കുകള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും നിയമവ്യവഹാരത്തിനായി പണം നല്‍കണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച് പണം നല്കിയവരാണ് തട്ടിപ്പിനിരയായത്.