കോടതിയില്‍ ഹാജരാക്കാനിരിക്കെ മോന്‍സണ്‍ മാവുങ്കല്‍ ആശുപത്രിയില്‍ ; രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍

Jaihind Webdesk
Tuesday, September 28, 2021

കൊച്ചി : പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെ രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമായാല്‍ കോടതിയിലേക്ക് കൊണ്ടുപോകും. മോന്‍സന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും ഇന്ന് കോടതി വിധി പറയും.

അതേസമയം മോൻസന്‍റെ വീടുകൾക്ക് പൊലീസ് സുരക്ഷയൊരുക്കാന്‍ ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹ്റ നിർദേശം നല്‍കിയതിന് തെളിവുകള്‍ പുറത്ത്. ഇതുസംബന്ധിച്ച് ആലപ്പുഴ എസ്പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും ലോക്നാഥ് ബെഹ്റ നല്‍കിയ കത്തുകളുടെ പകർപ്പ് പുറത്തുവന്നു.

മോന്‍സന്‍റെ ചേര്‍ത്തലയിലെയും കൊച്ചിയിലെയും വീടുകളിലാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. അമൂല്യമായ പുരാവസ്തു ശേഖരമുള്ള മോന്‍സണ്‍ എഡിഷനെന്ന വീടിന് സുരക്ഷ ഒരുക്കാനാണ് ബെഹ്റ കത്തില്‍ ആവശ്യപ്പെട്ടത്. നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊച്ചിയിലെ വീട്. ചേര്‍ത്തലയിലേക്കും സമാനമായ കത്ത് നല്‍കിയിരുന്നു. സുരക്ഷ ഒരുക്കിയെന്ന് ചൂണ്ടിക്കാട്ടി അതത് ജില്ലകളില്‍ നിന്നും തിരിച്ചും ഡിജിപിക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം ബെഹ്റ മോന്‍സനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.