തിരുവനന്തപുരത്തും പുരാവസ്തു മ്യൂസിയം തുടങ്ങാന്‍ മോന്‍സണ്‍ പദ്ധതിയിട്ടിരുന്നു; സംസ്കാര ചാനലിലെത്തിച്ച് തെളിവെടുത്തു

Jaihind Webdesk
Saturday, October 9, 2021

തിരുവനന്തപുരം : മോന്‍സണ്‍ മാവുങ്കല്‍ തിരുവനന്തപുരത്തും പുരാവസ്തു മ്യൂസിയം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ. ഇതിന്‍റെ ഭാഗമായാണ് സംസ്‌കാര ചാനല്‍ വാങ്ങാന്‍ ശ്രമിച്ചതെന്നും ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി. മോന്‍സണെ ചാനല്‍ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

സംസ്‌കാര ടിവിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിന്‍റെ അന്വേഷണത്തിനിടെയാണ് തിരുവനന്തപുരത്തും പുരാവസ്തു മ്യൂസിയം തുടങ്ങാന്‍ മോന്‍സണ്‍ മാവുങ്കല്‍ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതി ഹരിപ്രസാദിന് മോന്‍സണ്‍ അയച്ച ഫോണ്‍ സന്ദേശങ്ങളില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചത്.

മ്യൂസിയം തുടങ്ങുന്നതിന് മുന്നോടിയായാണ് സംസ്‌കാര ചാനല്‍ വാങ്ങാന്‍ മോൻസൺ ശ്രമിച്ചത്. ഇതിനായി 10 ലക്ഷം രൂപ ബിനാമിയായ ജോഷി വഴി ചാനല്‍ അധികൃതര്‍ക്ക് കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. ചാനല്‍ ഷെയറുകള്‍ ഉടമകള്‍ അറിയാതെ ഒന്നരക്കോടി രൂപ തട്ടിയെന്നാണ് കേസ്. സിഗ്നേച്ചര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എംഡി ബാബു മാധവാണ് പരാതിക്കാരന്‍. കേസില്‍ രണ്ടാം പ്രതിയായ മോന്‍സണെ ചാനല്‍ ഓഫീസിലെത്തിച്ച് തെളിവെടുപ്പും നടത്തി.