മങ്കി പോക്സ്: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക്

Jaihind Webdesk
Sunday, July 17, 2022

 

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലാണ് ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങുന്നത്.

വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുന്നത്. ജില്ലകളില്‍ ഐസൊലേഷന്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഹെല്‍പ്പ് ഡെസ്‌ക് മുഖേന രോഗം സംബന്ധിച്ച സംശയനിവാരണം നടത്താനും ഉദ്ദേശമുണ്ട്.

കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ മങ്കി പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ പനിയോടൊപ്പം ശരീരത്തില്‍ തടിപ്പുകള്‍, കുമിളകള്‍, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാന്‍ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എയര്‍പോര്‍ട്ട് ഹെല്‍പ്പ് ഡെസ്‌കിനെ സമീപിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ 21 ദിവസം വായു സഞ്ചാരമുള്ള മുറിയില്‍ കഴിയുക. ഈ കാലയളവില്‍ വീട്ടിലെ ഗര്‍ഭിണികളുമായോ കുട്ടികളുമായോ പ്രതിരോധ ശേഷി കുറഞ്ഞവരുമായോ അടുത്തിടപഴകരുത്. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ തന്നെ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

മങ്കി പോക്സില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അഞ്ച് ജില്ലകളിൽ നിന്നുള്ളവർ നിരീക്ഷണത്തിൽ തുടരുകയാണ്. ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയ കേന്ദ്രസംഘം കേരളത്തിൽ തുടരുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് സന്ദർശനം നടത്തിയ സംഘം രോഗബാധിതന്‍റെ സ്വദേശമായ കൊല്ലത്ത് തുടരുകയാണ്.