തൃശൂരിലേത് മങ്കി പോക്സ് മരണമെന്ന് സ്ഥിരീകരിച്ചു; രാജ്യത്തെ ആദ്യ മങ്കി പോക്സ് മരണം

Jaihind Webdesk
Monday, August 1, 2022

തൃശൂര്‍: രാജ്യത്ത് ആദ്യ മങ്കി പോക്സ് മരണം സ്ഥിരീകരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച യുവാവിന്‍റെ മങ്കിപോക്‌സ് പരിശോധനാഫലം പോസിറ്റീവായി. ജൂലൈ 30 രാവിലെയാണ് ചാവക്കാട് സ്വദേശിയായ യുവാവ് മരണമടഞ്ഞത്. തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെയും പിന്നീട് പുണെ വൈറോളജി ലാബിലെയും പരിശോധനയിലാണ് മങ്കിപോക്‌സ് ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

ജൂലൈ 21-ാം തീയതിയാണ് യുവാവ് യുഎഇയില്‍നിന്ന് കേരളത്തിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യുവാവിനെ കൂട്ടിക്കൊണ്ടുവരാന്‍ നാലുപേര്‍ പോയിരുന്നു. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു. ജൂലൈ 27 ന് കുഴഞ്ഞുവീണതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ 30ന് മരിക്കുകയായിരുന്നു. യുവാവ് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നതിനാല്‍ ആരോഗ്യവിഭാഗം വിവരം അറിയാന്‍ വൈകിയിരുന്നു.

യുവാവ് മരിച്ചതിന് പിന്നാലെയാണ് മങ്കിപോക്‌സ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും വിദേശത്തുവെച്ച് നടത്തിയ പരിശോധനയില്‍ മങ്കിപോക്‌സ് പോസിറ്റീവ് ആയിരുന്നെന്നും വീട്ടുകാര്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ഫലമാണ് ലഭിച്ചത്. പിന്നാലെ പുനെ വൈറോളജി ലാബിലേക്ക് അയക്കുകയും അവിടെയും പോസിറ്റീവ് ഫലം ലഭിക്കുകയുമായിരുന്നു.  പരിശോധനാഫലം അനുസരിച്ച് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കും. വിശദമായ സമ്പർക്കപട്ടിക ആരോഗ്യ വകുപ്പ് തയാറാക്കിവരികയാണ്.