കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുന്‍ മന്ത്രിയും മുതിര്‍ന്ന എഎപി നേതാവുമായ സത്യേന്ദര്‍ ജെയിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുമതി നല്‍കി. നാല് ഷെല്‍ കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിനാണ് എഎപി നേതാവ് ഇഡി കേസില്‍ കുടുങ്ങിയത്. ഇദ്ദേഹത്തിനെതിരേ മതിയായ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട് കോടതിയില്‍ കേസ് തുടരാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി തേടിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, അനുമതി നല്‍കുന്നതിന് മതിയായ തെളിവുകള്‍ കണ്ടെത്തിയതായാണ് വിവരം .
2015-16 കാലയളവില്‍ പൊതുപ്രവര്‍ത്തകനായിരിക്കെ, സത്യേന്ദ്ര ജെയിന്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഇടനിലക്കാര്‍ വഴി ഒട്ടേറെ പണം കൈമാറ്റം ചെയ്തതിന് പകരമായി വ്യാജ കമ്പനികളില്‍ നിന്ന് 4.81 കോടി രൂപ ഹവാല ഇനത്തില്‍ കൈപ്പറ്റിയതായാണ് കേസ് . ജെയിനും മറ്റുള്ളവരും അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് സിബിഐ 2017 ഓഗസ്റ്റില്‍ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ നിന്നാണ് കേസ് ഉണ്ടായത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജെയ്നിനെതിരെ കേസ് ഫയല്‍ ചെയ്തു. 2022 മെയ് മാസത്തില്‍ ഇദ്ദേഹം അറസ്റ്റിലായി. ഡല്‍ഹി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു ജെയിന്‍ അപ്പോള്‍. പിന്നീട് ജെയിന്‍ ജാമ്യത്തില്‍ പുറത്തു വന്നു. സിബിഐയുടെ 2018 ഡിസംബറിലെ കുറ്റപത്രത്തില്‍ ജെയിനിന്റെ ആസ്തി ഏകദേശം 1.47 കോടി ആയിരുന്നെങ്കില്‍ 2015-17 കാലയളവില്‍ അദ്ദേഹത്തിന്റെ ആസ്തി അറിയപ്പെടുന്ന വരുമാനത്തേക്കാള്‍ ഏകദേശം 217 ഇരട്ടിയാണെന്നും ഇഡി വെളിപ്പെടുത്തുന്നു. ഈ തുക ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള കൃഷിഭൂമികള്‍ വാങ്ങുന്നതിനും വായ്പാ തിരിച്ചടവിനും ഉപയോഗിച്ചതായും ഏജന്‍സി വ്യക്തമാക്കുന്നു.
സത്യേന്ദര്‍ ജെയിനിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാഷ്ട്രപതിയുടെ അനുമതി തേടാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയെ ‘തളര്‍ത്താന്‍’ ലക്ഷ്യമിട്ടുള്ള ‘രാഷ്ട്രീയ ഗൂഢാലോചന’യാണെന്ന് എഎപി ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എഎപിയെ ലക്ഷ്യമിടുകയാണെന്നും രാജ്യസഭാ എംപിയായ സഞ്ജയ് സിംഗ് ആരോപിച്ചു. മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളും സത്യേന്ദര്‍ ജെയ്നിനെ ന്യായീകരിച്ചിരുന്നു.