കൊല്ലം ജില്ലയിലെ ചടയമംഗലം കുന്നുംപുറത്ത് കുരിയോട് വാർഡിലെ പഞ്ചായത്ത് അംഗം, സർക്കാർ പദ്ധതിയിൽ വീട് വെക്കുവാൻ ഇടനിലക്കാരിയായി നിന്ന് വീട്ടമ്മയിൽ നിന്നും എഴുപതിനായിരം രൂപ കബളിപ്പിച്ചതായി പരാതി . സർവസ്വവും പണയപ്പെടുത്തിയിട്ടും പണി പൂർത്തിയാകാത്ത വീട്ടിൽ താമസിക്കാനാകാതെ ടാർപ്പോളിൻ കൂരയിൽ രോഗിയായ മകനുമായി കഴിയുകയാണ് ഈ വീട്ടമ്മ.
അഗതി ആശ്രയ പദ്ധതി പ്രകാരം സർക്കാർ അനുവദിച്ച വീട് നിർമിക്കാനിറങ്ങിയ കൊല്ലം കുരിയോട് കുന്നുംപുറം സ്വദേശിനി അംബികാ ദേവിക്കാണ് പഞ്ചായത്തംഗത്തിൽ നിന്ന് ഈ ദുരനുഭം ഉണ്ടായത്. പഞ്ചായത്ത് കമ്മിറ്റിയുടെ നിർദേശാനുസരണം അംബികാ ദേവിയുടെ വീട് നിർമാണ ചുമതല കുരിയോട് വാർഡ് മെംബർ താര ഏറ്റെടുക്കുകയായിരുന്നു. ഇവർ ഏർപ്പാടാക്കിയ കോൺട്രാക്ടറാണ് നിർമാണ ജോലികൾ ചെയ്തത്. നിലവിൽ ഇവിടെ ഉണ്ടായിരുന്ന വീട് പൊളിച്ച് അതിന്‍റെ ഫൗണ്ടേഷന് മുകളിൽ പുതിയ വീട് നിർമാണം ആരംഭിച്ചതോടെ നിർമാണത്തിലെ ക്രമക്കേടുകളും തുടങ്ങുകയായിരുന്നു.
പഴയ കട്ടിളകളും കതകുകളും ഉപയോഗിച്ച് നിർമിച്ച വീട് ഇനിയും വാസയോഗ്യമായിട്ടില്ല. നിർമാണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ കോണ്‍ട്രാക്ടർക്ക് നല്‍കിയതിനെക്കാള്‍ 70,000 രൂപ അധികമായി തങ്ങളില്‍ നിന്ന് പഞ്ചായത്ത് മെംബര്‍ കൈപ്പറ്റിയതായി ചൂണ്ടിക്കാട്ടി വീട്ടമ്മ ജില്ലാ കളക്ടർക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഇനിയും പണി പൂര്‍ത്തിയായിട്ടില്ലാത്ത വീട്ടില്‍ താമസിക്കാനാകാതെ രോഗിയായ മകനുമായി ടാർപോളിന്‍ ഷീറ്റില്‍ നിർമിച്ച കൂരയ്ക്കുള്ളില്‍ ജീവിതം തള്ളി നീക്കുകയാണ് ഈ വീട്ടമ്മ.
https://www.youtube.com/watch?v=Dz4L1zMVWZ8