ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ സമഗ്ര സംഭാവനകളെ മാനിച്ച് 2023-ലെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് സമ്മാനിക്കും. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം വാര്‍ത്താ വിനിമയ മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്.
മോഹന്‍ലാലിന്റെ സിനിമാ ജീവിതം തലമുറകള്‍ക്ക് പ്രചോദനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് ഈ ഇതിഹാസ താരത്തെ ആദരിക്കുന്നത്.
അതുല്യമായ പ്രതിഭയും വൈവിധ്യവും നിരന്തരമായ കഠിനാധ്വാനവും ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തില്‍ ഒരു സുവര്‍ണ്ണ അധ്യായം രചിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. 2025 സെപ്റ്റംബര്‍ 23-ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്നതോടെ മോഹന്‍ലാല്‍ മലയാള സിനിമയുടെ യശസ്സ് വീണ്ടും ഉയര്‍ത്തുകയാണ്.