നിഴലായി, തണലായി കൂടെയുണ്ടായിരുന്ന ‘ശാന്ത’മായ സാന്നിധ്യം; വിടവാങ്ങിയത് മോഹന്‍ലാലിന്റെ ലോകം

Jaihind News Bureau
Tuesday, December 30, 2025

 

ലോകത്തിന്റെ ഏത് കോണിലായാലും മോഹന്‍ലാല്‍ എന്ന നടന്‍ എന്നും ഓടിയെത്താന്‍ ആഗ്രഹിച്ച ഒരിടമുണ്ടായിരുന്നു; കൊച്ചി എളമക്കരയിലെ വീടിന്റെ അകത്തളത്തില്‍, സ്നേഹത്തിന്റെ പര്യായമായ അമ്മ ശാന്തകുമാരിയുടെ അരികിലേക്ക്. ആ കാത്തിരിപ്പ് ഇനിയില്ല. മലയാളത്തിന്റെ ലാലേട്ടനെ തനിച്ചാക്കി അമ്മ യാത്രയായി.

നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗം മലയാളികള്‍ക്ക് പരിചിതമായ ഒരു സ്നേഹചിത്രത്തിന്റെ മാഞ്ഞുപോകല്‍ കൂടിയാണ്. മോഹന്‍ലാല്‍ എന്ന നടന്റെ വളര്‍ച്ചയില്‍ നിഴലുപോലെ, തണലുപോലെ കൂടെയുണ്ടായിരുന്ന വ്യക്തിയാണ് വിടവാങ്ങിയത്. ലാലിന്റെ ‘വിശ്വശാന്തി’ എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ പേരില്‍ പോലുമുണ്ട് അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും സാന്നിധ്യം. അച്ഛനും ജ്യേഷ്ഠന്‍ പ്യാരേലാലും നേരത്തെ വിടവാങ്ങിയപ്പോള്‍, ലാലിന് കരുത്തായി, കൂട്ടായി അവശേഷിച്ചത് അമ്മ മാത്രമായിരുന്നു.

‘കണ്ണുകളിലൂടെയാണ് ഞാനും അമ്മയും ഇപ്പോള്‍ കൂടുതല്‍ മിണ്ടാറുള്ളത്…- എന്ന് മോഹന്‍ലാല്‍ ഒരിക്കല്‍ അമ്മയെ കുറിച്ച് എഴുതിയിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് അമ്മ കിടപ്പിലായപ്പോള്‍, വാക്കുകള്‍ക്ക് അതീതമായൊരു ഭാഷ ആ അമ്മയ്ക്കും മകനുമിടയില്‍ രൂപപ്പെട്ടു. ഒരുകാലത്ത് വാത്സല്യത്തോടെ ചോറുരുള നല്‍കിയ കൈകള്‍ തളര്‍ന്നപ്പോള്‍, അതേ വാത്സല്യത്തോടെ മകന്‍ അമ്മയ്ക്ക് ഭക്ഷണം വാരിക്കൊടുത്തു. താന്‍ അമ്മയ്ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ജീവിത നൈര്യന്തരത്തിന്റെ ഒരു ചക്രം പൂര്‍ത്തിയാവുകയാണെന്ന് ലാല്‍ വിശ്വസിച്ചിരുന്നു. സ്പര്‍ശത്തിലൂടെയും കണ്ണിലൂടെയും അവര്‍ പരസ്പരം സ്നേഹം തിരിച്ചറിഞ്ഞു.

ടിവിയില്‍ ലാലുവിനെ കാണാത്ത ഒരു ദിവസം പോലും ശാന്തകുമാരി അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് അഭിനയിക്കാനായി മകന്‍ പടിയിറങ്ങിയപ്പോള്‍, അത് ചരിത്രത്തിലേക്കുള്ള യാത്രയാണെന്ന് ആ അമ്മ കരുതിയിരുന്നില്ല. ‘സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ലാലു അച്ഛനെപ്പോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായേനെ’ എന്ന് അമ്മ നിഷ്‌കളങ്കമായി പറയുമായിരുന്നു. വില്ലനായാലും നായകനായാലും മീശ പിരിച്ചാലും ആ മുഖത്തെ നിഷ്‌കളങ്കതയാണ് അമ്മ എന്നും കണ്ടത്. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആ സന്തോഷം പങ്കിടാന്‍ മോഹന്‍ലാല്‍ ആദ്യം ഓടിയെത്തിയത് എളമക്കരയിലെ വീട്ടിലേക്കാണ്. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നിട്ടും, അമ്മയുടെ കണ്ണുകളിലെ തിളക്കത്തില്‍ ലാല്‍ ആ അനുഗ്രഹം ഏറ്റുവാങ്ങി. ഇന്ന്, അമ്മയുടെ ആ വിയോഗം ലാലിനെ സംബന്ധിച്ചിടത്തോളം വലിയൊരു ശൂന്യതയാണ്. ലാലൂ എന്ന വിളി ഇനിയില്ല. ആ മടിയില്‍ തലചായ്ക്കാന്‍ ഇനി ലാലിന് ഓര്‍മ്മകള്‍ മാത്രം.