‘അമ്മ’യെ നയിക്കാന്‍ വീണ്ടും മോഹന്‍ലാല്‍; ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരം

Jaihind Webdesk
Wednesday, June 19, 2024

 

കൊച്ചി: നടന്‍ മോഹന്‍ലാലിനെ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹന്‍ലാലിനെ പ്രസിഡന്‍റായി തിരഞ്ഞെടുത്തത്. മൂന്നാം തവണയാണ് മോഹന്‍ലാല്‍ ‘അമ്മ’യുടെ പ്രസിഡന്‍റാകുന്നത്.

അമ്മയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരം നടക്കും. ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ തേടുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും മത്സരിക്കുന്നു. ഈ രണ്ടു പദവികളിലേക്കും ഇവർ നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്. ജൂണ്‍ 30 നാണ് അമ്മ ജനറല്‍ ബോഡി ചേരുന്നത്. ഒന്നിലേറെ നാമനിര്‍ദേശ പത്രിക ലഭിച്ച സ്ഥാനങ്ങളിലേക്ക് ജനറല്‍ ബോഡിയില്‍ വോട്ടെടുപ്പ് നടക്കും.