ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം

Jaihind Webdesk
Friday, July 8, 2022

ന്യൂഡല്‍ഹി: ഉത്തർപ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.  എന്നാല്‍  നിലവില്‍ ഡല്‍ഹി പോലീസിന്‍റെ കസ്റ്റഡിയിലുള്ള സുബൈറിന് പുറത്തിറങ്ങാനാവില്ല. ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ അഞ്ചു ദിവസത്തെ ഇടക്കാലജാമ്യമാണ് സുബൈറിന് അനുവദിച്ചത്.

2018 ലെ ട്വീറ്റിന്‍റെ പേരിലാണ് മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി സുബൈറിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി വിട്ട് പുറത്തുപോകരുത്, ട്വീറ്റ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. നിരന്തരമായ ട്വീറ്റുകൾ രാജ്യത്തെ ദുർബലപ്പെടുത്തുന്നതിന്‍റെ ഭാഗമാണെന്ന് കേന്ദ്ര സർക്കാർ കോടതിയില്‍ വാദിച്ചു.

അതേസമയം ബിജെപിയുടെ പ്രതികാരത്തിന്‍റെ ഭാഗമായാണ് മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തതെന്ന് വ്യാപക വിമർശനമുണ്ട്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ അധികാരം ഉപയോഗപ്പെടുത്തി നിശബ്ദരാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഒരാളെ അടിച്ചമർത്താന്‍ ശ്രമിച്ചാല്‍ ആയിരം പേർ ഉയര്‍ന്നുവരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.