
ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ജിഷ്ണു ദേവ് വര്‍മ്മ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് സത്യവാചകം ചൊല്ലിക്കൊടുത്തു. അസറുദ്ദീന്റെ വരവോടെ തെലങ്കാന മന്ത്രിസഭയുടെ അംഗബലം 16 ആയി ഉയര്‍ന്നു.
അസറുദ്ദീന്റെ മന്ത്രിസഭാ പ്രവേശനം കോണ്‍ഗ്രസിന്റെ ഒരു സുപ്രധാന രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. തന്റെ നിയമനത്തിന് ഉപതിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് അസറുദ്ദീന്‍ പ്രസ്താവിച്ചു. ‘എന്റെ പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡിനും പൊതുജനങ്ങള്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. മന്ത്രിയാകുന്നതും ഉപതിരഞ്ഞെടുപ്പുമായും യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്. ഇത് രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്, ഇവയെ തമ്മില്‍ ബന്ധിപ്പിക്കരുത്,’ സത്യപ്രതിജ്ഞയ്ക്ക് ശേഷം അസറുദ്ദീന്‍ പറഞ്ഞു.
ബി.ആര്‍.എസ്. എം.എല്‍.എ. മാഗന്തി ഗോപിനാഥ് ഈ വര്‍ഷം ജൂണില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടതിനാലാണ് ജൂബിലി ഹില്‍സില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. .