മോഫിയയുടെ ആത്മഹത്യ: അന്‍വര്‍ സാദത്ത് എംഎല്‍എയുടെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി

Jaihind Webdesk
Thursday, January 20, 2022

മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള പോലീസുകാരനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി അന്‍വര്‍സാദത്ത് എംഎല്‍എ മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മറുപടി. തുടര്‍ നടപടികള്‍ക്കായി കത്ത് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആലുവയിലെ നിയമവിദ്യാർത്ഥി മോഫിയ പർവീണിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് സിഐ സുധീറിന്‍റെ പേര് ഒഴിവാക്കിയതിനെതിരെ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും എംഎൽഎ കത്തയച്ചിരുന്നു. മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ അന്ന് സിഐ ആയിരുന്ന സി.എൽ സുധീറിന്‍റെ പേര് വ്യക്തമായി പരാമർശിച്ചിട്ടും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് പോലീസിന്‍റെ കുറ്റകരമായ അനാസ്ഥയാണെന്ന് അൻവർ സാദത്ത് എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി.

ഇത്തരക്കാർ സർവീസിൽ തുടരുന്നത് സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും സത്യം പുറത്തുകൊണ്ടുവരുന്നതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് പുനരന്വേഷണം നടത്തണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ ആവശ്യപ്പെട്ടു. സിഐ സുധീറിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് സർവീസിൽ നിന്ന് പുറത്താക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.