മോദിയുടെ ന്യൂനപക്ഷ സ്‌നേഹം കാപട്യം; രാജ്യത്ത് ക്രൈസ്തവര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതായി യുസിഎഫ് റിപ്പോര്‍ട്ട്

Jaihind Webdesk
Saturday, December 21, 2024

ഡല്‍ഹി: ബിജെപി – എന്‍ഡിഎ ഭരണകാലത്ത് രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്നത് കൊടിയ ദുരിതമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ കൂടുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്. 2014ല്‍ 127 പരാതികളാണ് ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം മാത്രം 745 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മണിപ്പൂര്‍ കലാപം കൂട്ടാതെയുള്ള കണക്കുകള്‍ ആണിത്. മണിപ്പൂരില്‍ ഒരുവര്‍ഷത്തിനിടെ 200 ലധികം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മണിപ്പൂര്‍ കലാപത്തിലെ കണക്കുകള്‍ കൂടിയാകുമ്പോള്‍ കണക്കുകള്‍ ഇനിയും ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല.

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് റിപ്പോര്‍ട്ട് അനുസരിച്ച് ക്രൈസ്തവര്‍ക്ക് എതിരെയുള്ള ആക്രമണങ്ങളില്‍ പോലീസ് ആക്രമികള്‍ക്കൊപ്പം നില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രൈസ്തവര്‍ക്കെതിരായ സംഘടിത ആക്രമണങ്ങളില്‍ നടപടി ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി 2022ല്‍ പ്രാഥമിക വാദം കേട്ടെങ്കിലും പിന്നീട് ഹിയറിങ് നടന്നിട്ടില്ല. ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ചാണ് യുസിഎഫ് റിപ്പോര്‍ട്ട്. ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നു.

ന്യൂന പക്ഷങ്ങള്‍ക്ക് വേണ്ടി ബിജെപി – എന്‍ഡിഎ സര്‍ക്കാരുകള്‍ യാതൊന്നും ചെയ്യുന്നില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്നതാണ് ഓരോ റിപ്പോര്‍ട്ടും തെളിയിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന് പാര്‍ലമെന്റിലും നിയമസഭകളിലും പ്രാതിനിധ്യമുറപ്പിച്ചിരുന്ന ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ക്കായുള്ള സംവരണം നിര്‍ത്തലാക്കി. മാത്രവുമല്ല രാജ്യത്ത് 12 സംസ്ഥാനങ്ങള്‍ രാഷ്ട്രീയ പ്രേരിതമായ മതപരിവര്‍ത്തന നിരോധന നിയമം ആവിഷ്‌കരിച്ചിട്ടുണ്ട്. യുഎപിഎക്ക് സമാനമായ നടപടികള്‍ ഉള്‍പ്പെടുത്തി യുപി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിബില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടന അനുച്ഛേദം 25ന് എതിരാണെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.

ബംഗ്ലാദേശില്‍ ന്യൂനപക്ഷം അതിക്രമങ്ങള്‍ക്ക് ഇരയായപ്പോള്‍ വിദേശകാര്യ സെക്രട്ടറിയെയാണ് മോദി സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് അയച്ചത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടാവുന്ന അക്രമങ്ങള്‍ക്കുനേരെ കേന്ദ്രം കണ്ണടക്കരുതെന്നും യുസിഎഫ് ആവശ്യപ്പെട്ടു.