അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി മരുന്ന് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായ തകർത്തതായി മുതിർന്ന ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന് സ്വാമി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ മോദി വഴങ്ങി എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാനായതെന്നും സുബ്രഹ്മണ്യന് സ്വാമി കുറ്റപ്പെടുത്തി.
ഏപ്രില്‍ ആറിനാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ ഭീഷണിയുമായി എത്തിയത്. മലേറിയയുടെ പ്രതിരോധമരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന് കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം ഇന്ത്യ നീക്കിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. അന്നുതന്നെ മരുന്ന് കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്ക് ഇന്ത്യ ഭാഗികമായി നീക്കുകയായിരുന്നു.
‘ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ അടിയറവ് പറഞ്ഞു എന്ന സന്ദേശമാണ് രാജ്യമൊട്ടാകെ ഇത് നല്‍കിയത്. പ്രധാമന്ത്രിയുടെ പ്രതിഛായക്ക് ഇത് വലിയ മങ്ങലേല്‍പ്പിച്ചു’- സ്വാമി പറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ തീരുമാനങ്ങള്‍ക്ക് വ്യക്തിപരമായ മാനമല്ല ഉള്ളതെന്ന കാര്യം മറക്കാന്‍ പാടില്ല. തമ്മില്‍ കാണുന്നതും കെട്ടിപ്പിടിക്കുന്നതും ഇന്തോ-യു.എസ് സൌഹൃദത്തിന് വഴിതെളിക്കില്ല. അവര്‍ ആവശ്യപ്പെടും, നമ്മള് നല്‍കും അപ്പോഴാണ് സൌഹൃദമുണ്ടാവുകയെന്നും സുബ്രഹ്മണ്യന് സ്വാമി പരിഹസിച്ചു. സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യന് സ്വാമി ഇക്കാര്യം പറഞ്ഞത്.