മോദിയുടെ തിരഞ്ഞെടുപ്പ് തന്ത്രം”വെള്ളത്തില്‍”; 6 ദിവസം മുന്‍പ് ഉദ്ഘാടനം ചെയ്ത ബെം​ഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈ വേയില്‍ വെള്ളക്കെട്ട്

Jaihind Webdesk
Saturday, March 18, 2023

ബെം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച  ഉദ്ഘാടനം ചെയ്ത ബെം​ഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈ വേ കനത്ത മഴയില്‍ വെള്ളത്തിനടിയിലായി. 8,480 കോടി രൂപ ചെലവിൽ നിർമിച്ച ഹൈവേ ആറ് ദിവസം മുമ്പാണ് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തത്.   വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെ രാമനഗര ജില്ലയ്ക്ക് സമീപമാണ് കനത്ത മഴ പെയ്തത്. ഇതേത്തുടര്‍ന്ന് ഹൈവേയുടെ അടിപ്പാലത്തിൽ വെള്ളക്കെട്ട് ഉണ്ടാവുകയും  തുടർന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ഒറ്റരാത്രിയിൽ പെയ്ത മഴയിൽ തന്നെ വെള്ളക്കെട്ടുണ്ടായത് ആശങ്കക്കിടയാക്കുകയാണ്.

ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലേക്ക് 3 മണിക്കൂറിനു പകരം  75 മിനിറ്റായി കുറയുമെന്ന മോഹന വാഗ്ദാനവുമായി ആരംഭിച്ച ഹൈവേ ഒറ്റ മഴകൊണ്ട് ഈ അവസ്ഥയിലെത്തിയതില്‍ വിമര്‍ശനവും പരിഹാസവും ഉയരുകയാണ്.

കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബിജെപി സർക്കാർ നിർമാണം പൂർത്തിയാകാത്ത ഹൈവേ  ഉദ്ഘാടനം നടത്തിയെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. രോഷാകുലരായ ജനങ്ങള്‍ വെള്ളക്കെട്ട് നിറഞ്ഞ ഹൈവേയുടെ ദൃശ്യങ്ങള്‍ സോഷ്യമീഡികളില്‍ പോസ്റ്റു ചെയ്യുകയും ബിജെപി സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുകയാണ്.

ബിജെപി സർക്കാർ ജനത്തെ വിഡ്ഢികളാക്കുകയാണെന്നും നിർമാണം പൂർണമായി പൂർത്തിയാകും മുമ്പേ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാത ഉ​ദ്ഘാടനം ചെയ്തതിന്‍റെ ഭവിഷ്യത്താണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു.