Modi-Xi Jinping Meeting| മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; അതിര്‍ത്തി, വ്യാപാര വിഷയങ്ങള്‍ ചര്‍ച്ചയാകും

Jaihind News Bureau
Sunday, August 31, 2025

ബെയ്ജിങ്: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് കൂടിക്കാഴ്ച നടത്തും. ആഗോള സാമ്പത്തിക ഭദ്രതയ്ക്ക് ഇന്ത്യ-ചൈന സഹകരണം അനിവാര്യമാണെന്ന് മോദി കൂടിക്കാഴ്ചക്ക് മുന്‍പ് തന്നെ വ്യക്തമാക്കി. ഏഴു വര്‍ഷത്തിന് ശേഷം ചൈനയിലെത്തിയ മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയ്ക്ക് നടക്കുന്ന കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടുനില്‍ക്കും. അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സാധ്യതകളും വ്യാപാര മേഖലയിലെ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. തുരങ്കം നിര്‍മ്മിക്കുന്നതിനുള്ള യന്ത്രങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ ചൈന അനുമതി നല്‍കിയേക്കും. അതേസമയം, അമേരിക്കന്‍ തീരുവ നേരിടാന്‍ സമുദ്രോത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ചൈനയിലേക്കുള്ള കയറ്റുമതി സാധ്യതകള്‍ ഇന്ത്യ തേടിയേക്കും.
ജപ്പാനിലെ വിവിധ പ്രവിശ്യകളിലെ ഗവര്‍ണര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനത്തില്‍ ജപ്പാന് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്ന് മോദി ചൂണ്ടിക്കാട്ടി.

അതിനിടെ, ട്രംപ് ഇന്ത്യക്ക് ഇരട്ട തീരുവ പ്രഖ്യാപിച്ചത് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കൊണ്ടല്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 17-ന് ജി7 ഉച്ചകോടിക്കിടെ ട്രംപ് മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടതിന് പാകിസ്ഥാന്‍ തനിക്ക് നൊബേല്‍ സമ്മാനം ശുപാര്‍ശ ചെയ്ത കാര്യം ട്രംപ് സംഭാഷണത്തില്‍ സൂചിപ്പിച്ചു. എന്നാല്‍, വെടിനിര്‍ത്തല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ധാരണയുടെ ഫലമാണെന്നും ട്രംപിന് അതില്‍ പങ്കില്ലെന്നും മോദി തുറന്നടിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ടിനോട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഒരു മണിക്കൂര്‍ നീളുന്ന ചര്‍ച്ചയും മോദി നിശ്ചയിച്ചിട്ടുണ്ട്.