പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ചൈനയിലെ തുറമുഖ നഗരമായ ടിയാന്‍ജിനില്‍ അവസാനിച്ചു. ഇന്ത്യന്‍ സമയം രാവിലെ 9.30-ന് ആരംഭിച്ച കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരും പ്രധാനമന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
കൂടിക്കാഴ്ചയില്‍ പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും കൂടി ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മോദി ഷി ജിന്‍പിങ്ങിനോട് വ്യക്തമാക്കി. പ്രധാനമന്ത്രിയെ കണ്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷി ജിന്‍പിങ്ങും അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയുണ്ടായ യു.എസ്.-ഇന്ത്യ വ്യാപാര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ച നിര്‍ണായകമാണ്.
ഏഴു വര്‍ഷത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുന്നത്. 2018-ല്‍ വുഹാനിലായിരുന്നു മോദിയുടെ അവസാന സന്ദര്‍ശനം. ഡോക്ലാം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്നത്തെ കൂടിക്കാഴ്ച. 2020-ല്‍ ഗല്‍വാനിലുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം വഷളായ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പായി ഈ കൂടിക്കാഴ്ചയെ കണക്കാക്കുന്നു. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനും കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി മോദി പറഞ്ഞു.
ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ.) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ചൈനയിലെത്തിയത്. ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് പ്രസിഡന്റിനു പുറമെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. യു.എസ്. താരിഫ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ ചര്‍ച്ചകള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണ്.